13.67 കോടിയുടെ വികസനവുമായി കോട്ടത്തല ട്രൈബൽ ആശുപത്രി

Wednesday 24 September 2025 1:19 AM IST
അട്ടപ്പാടി ട്രൈബൽ താലൂക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ച സി.ടി സ്‌കാൻ യൂണിറ്റ്

അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 13.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് ആരോഗ്യ, വനിതാശിശു വികസന മന്ത്രി വീണാജോർജ് നിർവഹിക്കും. നവജാത ശിശുമരണം തടയാൻ 3.2 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ലേബർ റൂം, ഓപ്പറേഷൻ തീയേറ്റർ, ലേബർ ഒ.പി, ലിഫ്റ്റ്, സ്‌ക്രീനിംഗ് ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവിൽ സി.ടി സ്‌കാൻ യൂണിറ്റ് എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്. സി.ടി സ്‌കാനിംഗിനായി മണ്ണാർക്കാട്, കോയമ്പത്തൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയായിരുന്നു അട്ടപ്പാടിക്കാർക്ക് ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായാണ് സി.ടി സ്‌കാൻ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.

34 ലക്ഷം രൂപ ചെലവിൽ ഒ.പി കെട്ടിടം, 40 ലക്ഷം രൂപ ചെലവിൽ ഫിസിയോ തെറാപ്പി സ്‌പെഷ്യൽ എഡ്യൂക്കേഷൻ കൗൺസലിംഗ് ഡെ കെയർ ആൻഡ് ഫിറ്റ്നസ് സെന്റർ, 2.60 കോടി രൂപ ചെലവിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം, വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 68 ലക്ഷം രൂപ ചെലവിൽ 250 കെ.വി ഹൈ ടെൻഷൻ ട്രാൻസ്‌ഫോർമർ, 1.40 കോടി രൂപ ചെലവിൽ ഫയർ ഫൈറ്റിംഗ് സംവിധാനം, എസ്‌കേപ്പിംഗ് സ്റ്റെയർ, പാരപ്പറ്റ്, റാംപ്, സ്റ്റോർ ഓൺ കാന്റീൻ, ഒരു കോടി രൂപ ചെലവിൽ ഡയാലിസിസ് കീമോ തെറാപ്പി കേന്ദ്രം, 22 ലക്ഷം രൂപയിൽ ലോൺട്രി യൂണിറ്റ് എന്നിവയാണ് പൂർത്തീകരിച്ചത്.

ഉദ്ഘാടന പരിപാടിയിൽ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി.നീതു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, പി.രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.പി.സാദിഖലി, അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രി ആർ.എം.ഒ ഡോ. കെ.മിഥുൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി.റോഷ് തുടങ്ങിയവർ പങ്കെടുക്കും.