വാളയാറിന് ആർ.ആർ.ടി വേണമെന്ന ആവശ്യം ശക്തം

Wednesday 24 September 2025 1:22 AM IST

കഞ്ചിക്കോട്: വന്യമൃഗ ശല്യം പതിവായിട്ടും വാളയാറിൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) വേണമെന്ന ജനകീയ ആവശ്യം വനം വകുപ്പ് അവഗണിക്കുന്നു. പരിശീലനം സിദ്ധിച്ച 21 അംഗ സംഘമാണ് ആർ.ആർ.ടി. ഇവരുടെ സേവനം സ്ഥിരമായി ലഭ്യമായാൽ മേഖലയിലെ വന്യജീവി ശല്യത്തിന് വലിയൊരു പരിഹാരമാകും. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് വാളയാറിനായി ആർ.ആർ.ടി സംവിധാനത്തിന് രൂപം നൽകിയിരുന്നു. പക്ഷെ പിന്നീട് ഇതിനെ ഒലവക്കോട് ഡിവിഷനിലേക്ക് മാറ്റി നൽകുകയായിരുന്നു. മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു അത്.

ഒലവക്കോടുളള ആർ.ആർ.ടിയുടെ സേവനം വാളയാറിലേക്കും ലഭ്യമാക്കാമെന്ന ഉറപ്പ് വനം വകുപ്പ് അധികൃതർ നൽകിയിരുന്നു. പക്ഷെ ഇത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടു. വിളിച്ചാൽ പലപ്പോഴും ആർ.ആർ.ടി എത്താറില്ല. വല്ലപ്പോഴും വന്നാൽ തന്നെ

ഒലവക്കോട് നിന്ന് ആർ.ആർ.ടി എത്തുമ്പോഴേക്കും കഞ്ചിക്കോട്, വാളയാർ മേഖലയിൽ ആനകൾ വലിയ തോതിൽ കൃഷിനാശം വരുത്തി മടങ്ങിയിട്ടുണ്ടാകും. ആർ.ആർ.ടി എത്തുമ്പോഴേക്കും ഫോറസ്റ്റ് വാച്ചർമാരും നാട്ടുകാരും ചേർന്ന് ആനകളെ ഓടിക്കുന്ന സ്ഥിതിയാണ്. തമിഴ്‌നാട്ടിൽ നിന്ന് ഒറ്റയാൻ എത്തിയ സമയത്ത് ഫോറസ്റ്റ് വാച്ചർമാർ നാട്ടുകാരുടെ സഹായത്തോടെയാണ് ഓടിച്ചത്. ഇവിടെ വനം വകുപ്പിന് പരിമിത സൗകര്യങ്ങളെയുള്ളു. വിരലിലെണ്ണാവുന്നത്രയും വാച്ചർമാരും ഒരു ജീപ്പും വെച്ചാണ് പ്രവർത്തിക്കുന്നത്. കഞ്ചിക്കോട് മുതൽ വാളയാർ അതിർത്തിവരെ നീണ്ടു കിടക്കുന്ന പ്രദേശത്തേക്ക് പലപ്പോഴും ഓടിയെത്താൻ കഴിയാറില്ല. പഞ്ചായത്ത് മെമ്പർമാരും ജനങ്ങളും സഹകരിക്കുന്നത് കൊണ്ട് മാത്രമാണ് ആനകളെ നിയന്ത്രിക്കാൻ കഴിയുന്നത്. ആനകൾക്ക് പുറമെ പന്നികളും കുരങ്ങുകളും ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വർദ്ധിച്ചിരിക്കുകയാണ്. വാളയാറിനായി ഒരു ആർ.ആർ.ടി യൂണിറ്റ് അനുവദിച്ചാൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകും.