ജി.എസ്.ടി കിഴിവ്, കച്ചവടത്തിൽ കൺഫ്യൂഷൻ

Wednesday 24 September 2025 12:02 AM IST

പത്തനംതിട്ട : ജി.എസ്.ടി പരിഷ്കരണത്തെ തുടർന്നുണ്ടായ വിലക്കുറവ് പലയിടത്തും ഉപഭോക്താവിലേക്ക് എത്തുന്നില്ല. വിലക്കുറച്ച് നൽകാൻ വ്യാപാരികളോട് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും എങ്ങനെ കുറയ്ക്കണമെന്ന പ്രാഥമിക കാര്യങ്ങൾ പോലും വ്യാപാരികൾക്ക് അറിയാത്ത അവസ്ഥയാണ്. വാങ്ങാനെത്തിയവരും വിൽപനക്കാരും തമ്മിൽ തർക്കങ്ങളുമുണ്ടാകുന്നുണ്ട്. പല വ്യാപാരശാലകളിലും സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നിട്ടില്ല. ഇത് കാരണം വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. ചില മരുന്നുകൾക്ക് വില കുറഞ്ഞിട്ടുണ്ട്. ചെറുകിട കച്ചവടക്കാർക്ക് സ്റ്റോക്ക് തീരാതെ പുതിയ ഉൽപന്നങ്ങളെത്തിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. അതുകൊണ്ട് ഇപ്പോഴും ആശയക്കുഴപ്പം നില നിൽക്കുകയാണ്.

വ്യാപാരികൾ പറയുന്നതിങ്ങനെ

കൃത്യമായ ഒരു ഗൈഡ് ലൈൻ ഇതുവരെ വ്യാപാരികൾക്ക് ലഭിച്ചിട്ടില്ല.

പുതിയ വില പതിച്ച് വിൽക്കാനുള്ള കാലാവധി കുറച്ചുകൂടി നീട്ടണം.

ജി.എസ്.ടി സംബന്ധിച്ച കാര്യങ്ങൾക്ക് പരിശീലനം ലഭ്യമാക്കണം.

സോഫ്റ്റ് വെയർ അപ്ഡേഷന് സമയമെടുക്കും, സ്റ്റോക്ക് തീരുന്നത് വരെ ലീഗൽ മെട്രോളജി പരിശോധിച്ച് പിഴ ഈടാക്കരുത്.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായമായ പ്രഖ്യാപനമാണിത്. പക്ഷെ പ്രാഥമിക വിലയിൽ നിന്നാണ് വില കുറയുന്നതെന്ന് പലരും മനസിലാക്കുന്നില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിലവിലുള്ള സ്റ്റോക്ക് എല്ലാം വിറ്റ് തീരണമെന്നില്ല.

പ്രസാദ് ജോൺ മാമ്പ്ര,

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

സാധനങ്ങൾ വാങ്ങാനായി എത്തിയതാണ്. വില കുറവൊന്നും ആയിട്ടില്ലെന്നാണ് കടക്കാർ പറയുന്നത്. ജി.എസ്.ടി കിഴിവ് പ്രാബല്യത്തിലാവാൻ ഇനി എത്ര നാൾ കാത്തിരിക്കണമെന്ന് അറിയില്ല.

ഏലിയാമ്മ ജോൺ, വീട്ടമ്മ