ഡോ. ഇ.ടി.നീലകണ്ഠൻ മൂസ്സിന് ധന്വന്തരി പുരസ്‌കാരം

Wednesday 24 September 2025 12:24 AM IST

ഗോവ: വൈദ്യരത്‌നം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അഷ്ടവൈദ്യൻ ഡോ. ഇ.ടി.നീലകണ്ഠൻ മൂസ്സിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധന്വന്തരി പുരസ്‌കാരം സമ്മാനിച്ചു. ആയുർവേദത്തിന്റെ പ്രചാരണത്തിനും വികസനത്തിനും നൽകിയ സമഗ്ര സംഭാവനകളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 10ാമത് ആയുർവേദ ദിനത്തോടനുബന്ധിച്ച് ഗോവയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ നടന്ന ചടങ്ങിൽ ഡോ. നീലകണ്ഠൻ മൂസ്സിന് ഗോവ ഗവർണർ പുസപതി അശോക് ഗജപതി രാജു, പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത ചുമതല വഹിക്കുന്ന കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി പ്രതാപാവു ജാദവും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സന്നിഹിതരായി. അഷ്ടവൈദ്യ പാരമ്പര്യത്തിലെ പൂർവസൂരികൾക്കും ആയുർവേദത്തിന്റെ മഹിമയിൽ വിശ്വസിക്കുന്നവർക്കും പുരസ്‌കാരം സമർപ്പിക്കുന്നുവെന്ന് ഡോ. നീലകണ്ഠൻ മൂസ്സ് പറഞ്ഞു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിലെ ഗുരുക്കന്മാരിൽ ഒരാളായ ഡോ. നീലകണ്ഠൻ മൂസ്സ്, പ്രശസ്തമായ തൈക്കാട്ട് മൂസ്സ് കുടുംബാംഗമാണ്.