പവൻ വില 85,000 രൂപയ്ക്ക് തൊട്ടരികെ

Wednesday 24 September 2025 12:26 AM IST

ആഗോള അനിശ്ചിതത്വങ്ങളിൽ സ്വർണക്കുതിപ്പ് തുടരുന്നു

കൊച്ചി: സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പണമൊഴുക്ക് കൂടിയതോടെ കേരളത്തിൽ പവൻ വില ചരിത്രത്തിലാദ്യമായി 84,840 രൂപയിലെത്തി. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശ കുറയ്ക്കുമെന്ന് വ്യക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന്(31.1ഗ്രാം) റെക്കാഡ് ഉയരമായ 3,790 ഡോളറിലെത്തി. ഇന്നലെ കേരളത്തിൽ രണ്ട് തവണയായി പവൻ വില 1920 രൂപ വർദ്ധിച്ചു. ഗ്രാമിന്റെ വില 240 രൂപ ഉയർന്ന് 10,605 രൂപയായി.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 88.7ൽ എത്തിയതും കരുത്തായി. ഡൊണാൾഡ് ട്രംപ് എച്ച്1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ നടപടി ഇന്ത്യയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് മൂന്ന് ശതമാനം ജി.എസ്.ടിയും സെസും പണിക്കൂലിയും ഉൾപ്പെടെ 92,000 രൂപയ്ക്കടുത്താകും. ഇന്നലെ രാവിലെ 920 രൂപയും ഉച്ചയ്ക്ക് 1,000 രൂപയുമാണ് പവന് കൂടിയത്.

വിലക്കുതിപ്പ് തുടർന്നേക്കും

അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഡോളറിന്റെ മൂല്യയിടിവും സ്വർണ വിലയിലെ കുതിപ്പ് ശക്തമാക്കിയേക്കും. നിലവിലെ സാഹചര്യത്തിൽ ഔൺസിന്റെ വില 3,900 ഡോളർ വരെ ഉയരാനിടയുണ്ട്. രൂപയുടെ മൂല്യവും 90 കടക്കാനിടയുണ്ട്. നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവൻ വില 90,000 രൂപയ്ക്ക് മുകളിലെത്തിയേക്കും.

ചൈനയുടെ നീക്കം നിർണായകം

ലോകത്തിന്റെ പുതിയ സ്വർണ ബാങ്കറാകാനാണ് ചൈനയുടെ ശ്രമം. ചൈനയുമായി സൗഹ്യദത്തിലുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങി നിലവറയിൽ സൂക്ഷിക്കാൻ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന അവസരമൊരുക്കും. ഡോളറിന്റെ ആശ്രയത്വം കുറയ്ക്കാനും ആഗോള വ്യാപാരത്തിൽ യുവാന്റെ പങ്ക് വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം.

വിലക്കുതിപ്പിന് പിന്നിൽ

1. സാമ്പത്തിക തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനൊരുങ്ങുന്നു

2. യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം തുടർച്ചയായി ഉയർത്തുന്നു

3. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഇറക്കുമതി ചെലവ് കൂടുന്നു

4. സുരക്ഷിത നിക്ഷേപമായ സ്വർണം ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നു

2025 ജനുവരി 1ലെ പവൻ വില: 57,200 രൂപ

നടപ്പുവർഷമുണ്ടായ വർദ്ധന

27,640 രൂപ