സിഗ്നൽ ലൈറ്റ് ഓഫാക്കി പൊലീസ് ട്രാഫിക് നിയന്ത്രിക്കണമെന്ന ഉത്തരവിൽ ഭേദഗതി

Wednesday 24 September 2025 2:31 AM IST

കൊച്ചി: നഗരത്തിൽ വാഹനത്തിരക്ക് ഏറെയുള്ള രാവിലെയും വൈകിട്ടും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഓഫാക്കി പൊലീസ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന ഉത്തരവിൽ ഹൈക്കോടതി ഭേദഗതി വരുത്തി. ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മുൻ ഉത്തരവിൽ ജസ്റ്റിസ് അമിത് റാവൽ ഭേദഗതി വരുത്തിയത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് ലൈറ്റുകൾ പൊലീസ് നേരിട്ട് നിയന്ത്രിക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

ബാനർജി റോഡ്-പാലാരിവട്ടം ഭാഗത്തും പള്ളിമുക്ക് മുതൽ വൈറ്റില വരെ എസ്.എ റോഡിലും രാവിലെ 8.30 മുതൽ 10 മണി വരെയും, വൈകിട്ട് അഞ്ചു മുതല് 7.30 വരെയും ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്ത് പൊലീസുകാർ നേരിട്ട് ഗതാഗതം നിയന്ത്രിക്കണമെന്നായിരുന്നു കോടതി നേരത്തെ നിർദ്ദേശിച്ചത്. എന്നാൽ ട്രാഫിക് ഐലൻഡുകൾ ഇല്ലാത്തതിനാൽ വാഹനനിര ശരിയായി കാണാനാകില്ലെന്നും റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. ഇതിന് പകരമായി സിഗ്നൽ ലൈറ്റുകൾ പൊലീസുകാർ നേരിട്ട് നിയന്ത്രിക്കാമെന്ന നിർദ്ദേശവും വച്ചു. തുടർന്നാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്.

സിറ്റിയിലെ ബസ് പെർമെറ്റിന്റെ സമയത്തിൽ മാറ്റം വരുത്തുന്നതിനായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേട്ട് തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു. പെർമിറ്റ് സമയത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ബസ് ഉടമകൾ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയക്രമം ബസുകളുടെ അമിത വേഗത്തിനും അപകടത്തിനും കാരണമാകുന്നുണ്ടെന്നും വിശദീകരിച്ചു. എ.ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് സമയത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.