യഥാര്‍ത്ഥത്തില്‍ വില കുതിക്കുന്നതിന് കാരണമെന്ത്? ഇങ്ങനെപോയാല്‍ ഒരു ലക്ഷത്തിലും പവന് വില നില്‍ക്കില്ല
കൊച്ചി: ഒരു പവന് സ്വര്‍ണത്തിന് 84,840 രൂപയാണ് ഇന്നത്തെ മാര്‍ക്കറ്റ് വില. ചൊവ്വാഴ്ച രണ്ട് തവണയാണ് വില കൂടിയത്. രാവിലെ ഗ്രാമിന് 115 രൂപയും വൈകുന്നേരം 120 രൂപയും വര്‍ദ്ധിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് പവന് വര്ദ്ധിച്ചിത് 1920 രൂപയാണ്. പവന് വില 84,840 രൂപയാണെങ്കിലും ആഭരണമായി വാങ്ങാന്‍ ഇതിലും കൂടുതല്‍ നല്‍കണം. പണിക്കൂലി, ടാക്സ് ഉള്‍പ്പെടെയുള്ളവ ചേരുമ്പോള്‍ വില കുറഞ്ഞത് 92,000ന് അടുത്താണ്.
ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചാണ് വിലയിലും വ്യത്യാസമുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ ഒഴിവാക്കിയിട്ടും സ്വര്‍ണവില എന്തുകൊണ്ടാണ് ഇങ്ങനെ കുതിക്കുന്നത്. അന്താരാഷ്ട്ര വില വര്‍ദ്ധിച്ചതിനൊപ്പം അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതുമാണ് കേരളത്തിലെ വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3748 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.42 ആയിരുന്നു.
എന്നാല്‍, ട്രോയ് ഔണ്‍സിന് 3,783 ഡോളര്‍ നിരക്കിലാണ് നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വ്യാപാരം. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.75 രൂപയിലുമെത്തി. ഇതോടെ രണ്ടാമതും വില നിശ്ചയിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സ്വര്‍ണവ്യാപാര സംഘടനകള്‍ പറയുന്നത്. അമേരിക്കന്‍ ബോണ്ടുകളുടെ പലിശ നിരക്കുകള്‍ ഇനിയും കുറച്ചേക്കുമെന്ന സൂചനകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കാനുള്ള കാരണം.