ഷുഹൈബ് അറിഞ്ഞില്ല, ട്രാക്കിൽ ചിതറിക്കിടന്നത് ഉമ്മയെന്ന്
കണ്ണൂർ: ട്രെയിനിടിച്ച് ട്രാക്കിൽ ചിന്നിച്ചിതറി കിടക്കുകയാണ് 'അജ്ഞാത" സ്ത്രീ. പൊലീസിനായി മൃതദേഹ ചിത്രം പകർത്തി ഷുഹൈബ് ഇളയച്ഛന്റെ സ്റ്റുഡിയോയിലെത്തി. ഫോട്ടോ കണ്ട് നേരിയ ശബ്ദത്തിൽ ഇളയച്ഛൻ പറഞ്ഞു. 'ഇതു നിനക്ക് ഒരു വയസുള്ളപ്പോൾ ഉപേക്ഷിച്ചുപോയ പെറ്റമ്മയാണ്".
39 വർഷമായി പൊലീസിന്റെ ക്യാമറാമാനാണ് കണ്ണൂർ സിറ്റി സ്വദേശി കെ.കെ. ഷുഹൈബ്. 54 വയസിനിടെ പകർത്തിയത് പതിനായിരത്തിലേറെ മൃതദേഹങ്ങൾ. പക്ഷേ, 21-ാം വയസിലെടുത്ത ഉമ്മയുടെ ചിത്രം ഇന്നും ഉള്ളുലയ്ക്കുന്നു. 1992 ഡിസംബർ അഞ്ചിനായിരുന്നു അത്.
ഇളയച്ഛൻ മുസ്തഫ ചിറയ്ക്കൽകുളത്തിലിന്റെ സൗദി സ്റ്റുഡിയോ കണ്ണൂരിൽ പ്രശസ്തമായിരുന്നു. 1986ൽ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞാണ് ഫോട്ടോഗ്രഫി പഠിക്കാൻ ഒപ്പം കൂടിയതാണ്. ഒട്ടേറെ ദുരന്ത മുഖങ്ങളിൽ പൊലീസിനൊപ്പം പോയി ചിത്രം പകർത്തി. ഇരിക്കൂർ പെരുമൺ വാഹനാപകടത്തിനിരയായ പത്ത് പിഞ്ചോമനകളുടെ ചേതനയറ്റ ശരീരങ്ങൾ പകർത്തിയതും ഷുഹൈബാണ്.
ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും മാറി ജീവിക്കേണ്ടിവന്ന ഷുഹൈബിനെ വളർത്തിയത് ഇളയച്ഛനാണ്. 2016ൽ ഇളയച്ഛൻ മരിച്ചതോടെ സ്റ്റുഡിയോ പൂട്ടി. ഇപ്പോൾ വീട്ടിലിരുന്നാണ് ഷുഹൈബിന്റെ ജോലി. ഖയറുന്നീസയാണ് ഭാര്യ. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഫത്തഹ്, ബിരുദ വിദ്യാർത്ഥികളായ അമീന, ഫിദ എന്നിവരാണ് മക്കൾ.
പതിയാത്ത ദൃശ്യത്തിൽ നിന്ന് തുടക്കം
ട്രെയിനിയായി സ്റ്റുഡിയോയിൽ ചേർന്ന കാലം. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ഇളയച്ഛനെ തേടി പൊലീസ് വന്നു. ഇളയച്ഛനാകട്ടെ സ്ഥലത്തുമില്ല. ഷുഹൈബ് ക്യാമറയുമായി ഇറങ്ങി. ജില്ലാ ആശുപത്രി മോർച്ചറിയിലെത്തി ഫോട്ടോ എടുത്തു. ഫിലിം കഴുകി നോക്കിയപ്പോൾ ചിത്രം പതിഞ്ഞിട്ടില്ല. പ്രശസ്ത ഫോറൻസിക് സർജനായിരുന്ന ഡോ. ഗോപാലകൃഷ്ണപ്പിള്ളയാണ് പോസ്റ്റ്മോർട്ടം ദൃശ്യം പകർത്തുന്നതിലെ ശാസ്ത്രീയത പഠിപ്പിച്ചത്. ഡോ. സുജിത്ത് ശ്രീനിവാസൻ, അന്തരിച്ച ഡോ. ഷെർളി വാസു തുടങ്ങിയവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പി.ആർ.ഡിക്ക് വേണ്ടിയും പ്രവർത്തിച്ചു.
ആദ്യമൊക്കെ മനസ് മടുത്തിരുന്നു. ഡോക്ടർമാരുടെയും പൊലീസിന്റെയും സൗഹാർദ്ദ സമീപനമാണ് പ്രചോദനം. രണ്ട് വർഷം മുമ്പ് രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. മുഴുവൻ ചെലവും വഹിച്ചത് അവരാണ്.
-കെ.കെ. ഷുഹൈബ്