ഓക്സിജനെ ഓസോണാക്കി ജലശുചീകരണം, അമീബയെ പ്രതിരോധിക്കാൻ സ്റ്റാർട്ടപ്പ്
തൃശൂർ: മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന അമീബയെ അടക്കം നശിപ്പിക്കാൻ സഹായകരമാകുന്ന സ്റ്റാർട്ടപ്പ് ഒരുങ്ങി. ഓക്സിജൻ കോൺസെൻട്രേറ്ററും ഓക്സിജനെ റിയാക്ടീവ് ഓക്സിജനാക്കുന്ന പ്രൊസസിംഗ് യൂണിറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും ചേർന്ന ആക്ടോസ് എന്ന ഉപകരണമാണിത്. നീന്തൽക്കുളങ്ങളിലും കുടിവെളളസംഭരണികളിലും മലിനജലസംസ്കരണ കേന്ദ്രങ്ങളിലും പരീക്ഷിച്ചിരുന്നു.
തൃശൂർ പുഴയ്ക്കൽ പാടത്തുളള ബയോസ്വിം ടെക് ഇനവേഷൻ പ്ളാന്റിൽ ലഭ്യമാണ്. ജലപരിശോധന നടത്തി ഫിൽറ്റർ സ്ഥാപിച്ചാണ് പ്രവർത്തിപ്പിക്കുക. ടാങ്കിനോടോ ഫിൽറ്ററിനോടോ ചേർന്ന് സ്ഥാപിക്കാം. വെളളത്തിന്റെ സ്വഭാവം അനുസരിച്ച് വിലയിൽ വ്യത്യാസം വരും.
ഓക്സിജനെ മൂന്ന് ആറ്റമുളള ഓസോൺ ആക്കി മാറ്റി വീണ്ടും ശുദ്ധീകരിച്ച് വാതകരൂപത്തിൽ തന്നെ ജലാശയങ്ങളിലേക്ക് കടത്തിവിടും.
ക്ലോറിനെക്കാൾ 50 മടങ്ങ് വേഗത്തിൽ ബാക്ടീരിയയെയും അമീബയെയും നശിപ്പിക്കാൻ ആക്ടോസിനാകും.
ആക്ടോസ് വഴി, അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന നഗ്ലേറിയ ഫ്ലവറി എന്ന അമീബയെ മാത്രമല്ല, ജലത്തിലെ എല്ലാത്തരം ചെറുപ്രാണികളെയും കൊല്ലാം. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ കെമിക്കൽ എൻജിനിയർ കെ.വി. സുനിലാണ് ആക്ടോസിന് രൂപം നൽകിയത്.
ക്ളോറിനേഷന്റെ പ്രശ്നങ്ങളില്ല
വെളളം ക്ലോറിനേറ്റ് ചെയ്യുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകും. റിയാക്ടീവ് ഓക്സിജൻ രീതിപ്രകാരം ശുദ്ധീകരിച്ച ജലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല.
ശരീരത്തിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ ആക്ടോസ് ശുചീകരണം ഉപകരിക്കുമെന്നുമാണ് അവകാശപ്പെടുന്നത്.
അമീബ, ബാക്ടീരിയ എന്നിവയുടെ ഷെൽ തകർത്ത് ന്യൂക്ലിയസ് ഉൾപ്പെടെ നശിപ്പിക്കാൻ കഴിയുന്ന രീതി ജലാശയങ്ങളിലും കിണറുകളിലും ഉപയോഗപ്രദമാകും. കേരള വാട്ടർ അതോറിറ്റിയുടെ ടെക്നിക്കൽ മാനേജർ കൂടിയായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ. രാമകൃഷ്ണൻ ആക്ടോസ് രീതി ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഒളരിയിൽ തുടങ്ങിയ സംരംഭം പിന്നീട് ജില്ലാ വ്യവസായ വകുപ്പിന്റെ പുഴയ്ക്കലിലെ വ്യവസായ പാർക്കിലാണ് ജന്മം കൊണ്ടത്.
ഡോ. ഏണസ്റ്റ്, വിൻസെന്റ് എന്നിവർ സുനിലിന്റെ സഹായത്തിനുണ്ട്.
ദീർഘകാലം മുംബെയിലെ അയൺ എക്സ്‌ചേഞ്ച് എന്ന സ്ഥാപനത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തതിന്റെ പരിചയമാണ് ആക്ടോസ് രൂപപ്പെടുത്താൻ സഹായകമായത്. ജലത്തിലെ എല്ലാ പ്രാണികളെയും കൊല്ലാൻ പുതിയ ശുചീകരണരീതി ഫലപ്രദമാണ്.
- കെ.വി. സുനിൽ, സംരംഭകൻ