ശ്വേത മേനോനെതിരായ കേസിന്റെ സ്റ്റേ നീട്ടി
കൊച്ചി: നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി. വിഷയം ഒക്ടോബർ 28ന് വീണ്ടും പരിഗണിക്കും. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിച്ചിച്ചെന്ന് ആരോപിക്കുന്ന സ്വകാര്യ അന്യായത്തെ തുടർന്ന് എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഹർജിക്കാരിക്കെതിരെ പൊലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് സി.ജെ.എം കോടതിയെ സമീപിച്ചത്.
ആശ വർക്കർമാരുടെ പ്രതിഫല വർദ്ധന: സമയം തേടി സർക്കാർ
കൊച്ചി: ആശ വർക്കർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കലും മറ്റും പരിഗണിച്ച ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ പരിശോധിച്ച് തീരുമാനമെടുക്കും. തുടർനടപടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ സമയം തേടിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി. ആശ വർക്കർമാരുടെ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടന ഉൾപ്പെടെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് പരിഗണനയിലുള്ളത്.
സ്ത്രീധന നിരോധന നിയമം: കേന്ദ്രം സമയം തേടി
കൊച്ചി: സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്ന നിയമവ്യവസ്ഥ റദ്ദാക്കണമെന്ന ഹർജിയിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി. സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടെൽമി ജോളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വകുപ്പ് പരാതികളുന്നയിക്കുന്നതിൽ നിന്ന് വധുവിന്റെ വീട്ടുകാരെ പിന്തിരിപ്പിക്കുമെന്ന് ഹർജിയിൽ പറയുന്നു.