സൗദി ഗ്രാൻഡ് മുഫ്തി അന്തരിച്ചു
റിയാദ്:സൗദി ഗ്രാൻഡ്മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് അൽ ഷെയ്ഖ് (82) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1999ലാണ് ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ബാസിന്റെ പിൻഗാമിയായി അദ്ദേഹം ഗ്രാൻഡ് മുഫ്തിയായി നിയമിതനായത്. 1943 നവംബർ 30ന് മക്കയിലെ അൽ ആഷ്‌ഷൈഖ് കുടുംബത്തിലാണ് ജനനം. ഏഴാം വയസിൽ അനാഥനായ അദ്ദേഹം ചെറുപ്രായത്തിൽ തന്നെ മത വിദ്യാഭ്യാസം ആരംഭിച്ചു. ഇരുപതുകളിൽ കാഴ്ച നഷ്ടപ്പെട്ടു. ഖുർആൻ മനഃപാഠമാക്കുകയും പ്രശസ്ത പണ്ഡിതന്മാരുടെ കീഴിൽ ഇസ്ലാമിക കർമ്മശാസ്ത്രം പഠിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ഇമാം മുഹമ്മദ് ഇബ്നു സൗദ് സർവകലാശാലയിൽ പ്രൊഫസറായി നിയമിച്ചു. ഗ്രാൻഡ് മുഫ്തിയായി നിയമിതനായ ശേഷം രണ്ട് പതിറ്റാണ്ടിലേറെയായി സൗദി സമൂഹത്തെ സ്വാധീനിച്ച നിയമവ്യവസ്ഥ രൂപപ്പെടുത്തുകയും വിധികൾ പുറപ്പെടുവിക്കുകയും ചെയ്തു.
ഉന്നത പണ്ഡിത സഭാ മേധാവി, ഫത്വ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടന്നു. അസർ നമസ്‌കാര ശേഷമായിരിക്കും നമസ്‌കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദ്ദേശമുണ്ട്.
ഗ്രാൻസ് മുഫ്തി
മുസ്ലിം രാജ്യങ്ങളിലെ പരമോന്നത മതനേതാവും മുഖ്യ ഇസ്ലാമിക നിയമജ്ഞനും.വിവിധ കാര്യങ്ങളിൽ മത /നിയമപകരമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കുകയാണ് ഉത്തരവാദിത്വം. ഓട്ടോമാൻ സാമ്രാജ്യത്തിനുള്ളിൽ ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ഈ സ്ഥാനത്തിന് തുടക്കമിടുന്നത്. ഇപ്പോഴും വിവിധ ഇസ്ലാം രാജ്യങ്ങളിലും അംഗീകൃത അധികാരിയായി ഇവർ സേവനം അനുഷ്ഠിക്കുന്നുണ്ട്.