പാർട്ടി കോൺഗ്രസിൽ വ്യാപക വിമർശനം, ജനകീയ വിഷയങ്ങൾ സി.പി.ഐ ഏറ്റെടുക്കുന്നില്ല
ചണ്ഡിഗഡ്: ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ദേശീയ നേതൃത്വം വിമുഖത കാട്ടുന്നതായി സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ വിമർശനം. കരട് രാഷ്‌ട്രീയ, സംഘടന, രാഷ്‌ട്രീയ അവലോകന റിപ്പോർട്ടുകളിൻമേൽ നടന്ന ചർച്ചകളിലാണ് വിമർശനമുയർന്നത്.
മഹാരാഷ്‌ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം അഴിച്ചുവിട്ടത്. ദേശീയ തലത്തിൽ സി.പി.ഐയ്‌ക്ക് പ്രാധാന്യം ഇല്ലാതായെന്നും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാതെ പാർട്ടിക്ക് സ്വാധീനമുണ്ടാക്കാനാകില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പുതിയ ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ, ദേശീയ നിർവാഹ സമിതി തിരഞ്ഞെടുപ്പുകൾക്കു ശേഷം നാളെ പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങും.ഇന്നു ചേരുന്ന മൂന്ന് വ്യത്യസ്‌ത കമ്മിഷനുകൾ രാഷ്‌ട്രീയ റിപ്പോർട്ട്, സംഘടന റിപ്പോർട്ട്, രാഷ്‌ട്രീയ അവലോകന റിപ്പോർട്ട് എന്നിവയിലെ ഭേദഗതികൾ പരിശോധിക്കും. നിലവിലെ ദേശീയ കൗൺസിലും ദേശീയ എക്‌സിക്യൂട്ടീവും ഇന്ന് അവസാന യോഗം ചേരും. നാളെ രാവിലെ റിപ്പോർട്ടുകളും പ്രമേയങ്ങളും പാസാക്കിയ ശേഷമായിരിക്കും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്.