തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ നറുക്കെടുപ്പ് ഒക്ടോ.13 മുതൽ 21 വരെ

Wednesday 24 September 2025 1:32 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21വരെ നടത്തുമെന്ന് സ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ച ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും,ബ്‌ളോക്ക് പഞ്ചായത്തുകളുടേത് 18നും,ജില്ലാപഞ്ചായത്തുകളിലേത് 21നും നടത്തും.മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്ടബോർ 16നാണ്.കണ്ണൂർ,കോഴിക്കോട് കോർപറേഷനുകളിൽ 21നും,കൊച്ചിയിലും തൃശൂരും 18നും തിരുവനന്തപുരം,കൊല്ലം കോർപറേഷനുകളിൽ 17നുമാണ് നറുക്കെടുപ്പ്..

വരണാധികാരികൾക്കും ഉപ വരണാധികാരികൾക്കുമുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ നടക്കും.സംവരണ നടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സെപ്തംബർ 26ന് ഓൺലൈനായി പരിശീലനം നൽകും.ജില്ലാതല ഉദ്യോഗസ്ഥർക്ക് 25 നും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് 29,30 തീയതികളിലും കമ്മിഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവര ശേഖരണം നടത്തുന്നതിനായി, ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്