ആരോഗ്യ വകുപ്പിന് കാഴ്ചപ്പാടും തിരിച്ചറിവും വേണം :കെ.ജി.എം.സി.ടി.എ

Wednesday 24 September 2025 12:47 AM IST

 മെഡിക്കൽ കോളേജ് അദ്ധ്യാപകർ മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം :മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനുള്ള കാഴ്ചപ്പാടും തിരിച്ചറിവും ആരോഗ്യ വകുപ്പിന് ഉണ്ടാകണമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്‌നാര ബീഗം. സംസ്ഥാന വ്യാപകമായി കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് അദ്ധ്യപകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.

മെഡിക്കൽ കോളേജുകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ അദ്ധ്യാപകരെ നിരന്തരം സ്ഥലംമാറ്റുന്ന സർക്കാർ നടപടിക്കൾ അവസാനിപ്പിക്കണം. കണ്ണിൽ പൊടിയിടുന്ന തട്ടിക്കൂട്ട് നടപടികൾക്ക് പകരം കാര്യക്ഷമമായ ദീർഘവീക്ഷണത്തോട് കൂടിയുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടത്. മെഡിക്കൽ കോളേജുകളിലെ ജീവനക്കാർ രാപ്പകൽ പ്രയത്നിക്കുന്നതിനാലാണ് സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം രാജ്യത്ത് മുന്നിൽ നിൽക്കുന്നത്.

നിലവിലുള്ള മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാതെ പുതിയത് ആരംഭിക്കുന്നത് ആരോഗ്യ വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസ് പറഞ്ഞു.

കൊല്ലം മെഡിക്കൽ കോളേജിൽ യൂണിറ്റ് പ്രസിഡന്റ് ഡോ.നിസാമുദ്ദീൻ.എം,ആലപ്പുഴ ഡോ.സജയ്.പി.എസ്,കോട്ടയം ഡോ.ഫെഡറിക്ക് പോൾ,എറണാകുളം ഡോ.ഇന്ദിര,തൃശ്ശൂർ ഡോ.ബിനോയ്.ഇ.ബി,മഞ്ചേരി ഡോ.റെനി ഐസക്ക്,ഇടുക്കി ഡോ. രാംകുമാർ,കോന്നി ഡോ.രതീഷ് എൻ.എസ്,വയനാട് ഡോ. സൗമ്യ,കണ്ണൂർ ഡോ.ജീജോ എന്നിവരുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പി.ജി.ഹൗസർജൻസ് അസോസിയേഷൻ സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളും അദ്ധ്യാപകർക്ക് പിന്തുണയുമായി രംഗത്തെത്തി.