കേരളത്തിലെ നദികളില്‍ കോടികളുടെ മുതല്‍; കൂടുതല്‍ ഈ ജില്ലകളില്‍, കിട്ടേണ്ടത് സര്‍ക്കാര്‍ അനുമതി മാത്രം
പത്തനംതിട്ട : എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് റവന്യു ഉദ്യോഗസ്ഥര്‍, ഇനി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നദികളിലെ മണല്‍ സമ്പത്ത് വാരിയെടുക്കാം. തുലാവര്‍ഷത്തിന് മുമ്പ് നദികളിലെ മണല്‍ വാരാന്‍ സാധിക്കുമോയെന്ന ചോദ്യമാണ് പല കോണുകളില്‍ നിന്ന് ഉയരുന്നത്.
ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ലേല നടപടികളിലേക്ക് കടന്നില്ലെങ്കില്‍ ഈ വര്‍ഷവും മണല്‍ വാരല്‍ ഉണ്ടാകില്ല. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യ വാരമോ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. പിന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പെരുമാറ്റച്ചട്ടം പിന്‍വലിക്കാതെ അനുമതി നല്‍കാനാവില്ല.
കഴിഞ്ഞവര്‍ഷം ആദ്യം സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തിയാക്കി കടവുകളുടെ എണ്ണം നിശ്ചയിച്ച് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയപ്പോഴാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ തുടര്‍നടപടികള്‍ മരവിച്ചു. കഴഞ്ഞ മഴക്കാലത്തിന് മുമ്പ് മണല്‍ വാരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നതാണ്. കാലവര്‍ഷം ശക്തമായാല്‍ നദികളിലെ ജലനിരപ്പുയര്‍ന്ന് കരകളിലേക്ക് ഒഴുകമെന്ന ആശങ്കയുണ്ടായിരുന്നു. ഇത്തവണ തുലാവര്‍ഷം കനത്താല്‍ ആശങ്ക വര്‍ദ്ധിക്കും.
ജില്ലയിലെ കടവുകള്‍ : 20, പമ്പയില്‍ : 13, അച്ചന്‍കോവിലാറില്‍ : 7
മണല്‍വാരല്‍ നിരോധിച്ചിട്ട് 11 വര്‍ഷം
മണല്‍വാരല്‍ നിരോധിച്ചിട്ട് പതിനൊന്ന് വര്‍ഷമായി. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിതമായ അളവില്‍ മണല്‍വാരുന്നതിനാണ് മുമ്പ് അനുവദിച്ചിരുന്നത്. എന്നാല്‍, പാസിന്റെ മറവില്‍ അനിയന്ത്രിതമായും അളവില്‍ കൂടുതലും മണല്‍വാരുകയും നദികളിലൂടെ വെള്ളം വേഗത്തില്‍ കടലില്‍ എത്തുകയും ചെയ്യുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നമായി ഉയര്‍ന്നുവന്നു. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുകയും ചെയ്തു. ഇതോടെ മണല്‍വാരല്‍ നിരോധിച്ചു.
അനുമതി നല്‍കാന്‍ കാരണം
1. മണല്‍ നിറഞ്ഞ് നദികളുടെ അടിത്തട്ട് ഉയര്‍ന്നതിനാല്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകും. മണല്‍ നിയന്ത്രിത അളവില്‍ നീക്കി സംഭരണശേഷി കൂട്ടണം.
2. മണല്‍ ലേലത്തിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വരുമാനമുണ്ടാകും.