പരീക്ഷണപ്പറക്കൽ കഴിഞ്ഞിട്ട് 10 മാസം; ഫയലിൽ ഉറങ്ങി സീപ്ലെയിൻ
തിരുവനന്തപുരം: പരീക്ഷണപ്പറക്കൽ കഴിഞ്ഞ് മാസം 10 പിന്നിട്ടിട്ടും സീപ്ലെയിൻ പദ്ധതി ഇപ്പോഴും ഫയലിൽ. സംസ്ഥാന ടൂറിസം മേഖലയിൽ വൻവികസനം സാദ്ധ്യമാക്കുന്ന സീപ്ലെയിൻ കഴിഞ്ഞവർഷം നവംബർ 11ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് മാട്ടുപ്പെട്ടി ഡാമിലേക്കാണ് പറന്നത്. എന്നാൽ, മാട്ടുപ്പെട്ടി ഡാം അടക്കമുള്ള പ്രദേശങ്ങൾ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിലായതിനാൽ വനംവകുപ്പ് പദ്ധതിയെ എതിർക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്ടിവിറ്റി സ്കീമിന് കീഴിൽ 'ഡിഹാവ്ലാൻഡ് കാനഡ" എന്ന വിമാനമാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.
ആദ്യഘട്ടം നാല് വിമാനത്താവളങ്ങളും പ്രധാന ജലാശയങ്ങളും ബന്ധിപ്പിച്ച് വാട്ടർഡ്രോമുകൾ സജ്ജമാക്കാനായിരുന്നു പദ്ധതി. അടുത്ത ഘട്ടത്തിൽ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ തുടങ്ങിയിടത്ത് വാട്ടർഡ്രോമുകൾ സ്ഥാപിക്കും. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യഘട്ടങ്ങളിൽ വി.ഐ.പികൾക്കും ഉദ്യോഗസ്ഥർക്കും ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു.
വന്യജീവികൾക്ക് ശല്യം
വിമാനത്തിന്റെ ശബ്ദം വന്യജീവികൾക്ക് ശല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് പദ്ധതിയെ എതിർത്തത്. ടൂറിസം വികസനത്തിനുള്ള പദ്ധതിയാണെങ്കിലും സംസ്ഥാന വന്യജീവി ബോർഡിന്റെയും കേന്ദ്ര വന്യജീവി ബോർഡിന്റെയും അനുമതി വാങ്ങണം. ഇതിനുള്ള പദ്ധതി ശുപാർശ വനംവകുപ്പിന് നൽകിയിട്ടുണ്ട്. എന്നാൽ, ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, സീപ്ലെയിനിന് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അനുമതി തേടുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ടൂറിസം അധികൃതർ അറിയിച്ചു.
സീപ്ലെയിൻ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. 9 പേരെ വഹിക്കാനാവും. ജലത്തിന് മുകളിൽ തന്നെ ടേക്ക്ഓഫും ലാൻഡിംഗും നടത്തും.