സൂപ്പർ ഡ്യൂപ്പർ ഡെംബലെ, ബ്രാവോ ബോൺമാറ്റി

Wednesday 24 September 2025 8:47 AM IST

പാരീസ്: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലോൺ ഡി ഓർ പുരസ്കാരം പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം ഔസമാൻ ഡെംബലെയ്‌ക്ക്. പി.എസ്.ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാക്കിയതുൾപ്പടെയുള്ള തകർപ്പൻ പ്രകടനമാണ് ഡെംബലെയെ ഫ്ര‌ഞ്ച് മാസിക നൽകുന്ന ഫുട്ബോളിലെ ഗ്ലാമർ പുരസ്‌കാരമായ ബാലോൺ ഡി ഓറിന് അർഹനാക്കിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് വണ്ടർ കിഡ് ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ ബാലോൺ ഡി ഓറിൽ മുത്തമിട്ടത്.

മികച്ച വനിതാ താരത്തിനുള്ള ബലാൺ ഡി ഓർ ഫെമിനിൻ പുരസ്കാരം തുടർച്ചയായ മൂന്നാം തവണയും ബാഴ്‌സലോണയുടെസ്പാനിഷ് പ്ലേമേക്കർ അയിറ്റാന ബോൺമാറ്റി സ്വന്തമാക്കി. ദേശീയ ടീമിലെ സഹതാരവും ആഴ്‌സനൽ ഫോർവേഡുമായ മരിയോന കാൾഡെന്റെയെ മറികടന്നാണ് ബോൺമാറ്റി ബാലോൺ ഡി ഓറിൽ ഹാട്രിക്ക് തികച്ചത്. വനിതാ യൂറോ 2025ൽ ഉൾപ്പെടെ സ്പാനിഷ് ടീമിനായും ക്ലബ് തലത്തിൽ ബാഴ്‌സലോണയ്ക്കായും പുറത്തെടുത്ത മികച്ച പ്രകടനമാണ് ബോൺമാറ്റിയ്‌ക്ക് തുണയായത്.

ബാലോൺ ഡി ഓറിൽ റണ്ണറപ്പായെങ്കിലും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പ ട്രോഫി തുടർച്ചയായ രണ്ടാം തവണയും ലമീൻ യമാൽ സ്വന്തമാക്കി. ബാഴ്‌സലോണയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ വിക്കി ലോപസ് മികച്ച വനിതാ യുവതാരത്തിനുള്ള കോപ്പ ട്രോഫി നേടി.

മികച്ച പുരുഷ ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾ കീപ്പറായിരുന്ന ഡോണരുമ്മയ്ക്കും വനിതാ യാഷിൻ ട്രോഫി ചെൽസിയുടെ ഇംഗ്ലീഷ് ഷോട്ട്‌ സ്റ്റോപ്പർ ഹന്ന ഹാംപ്‌ടണും ലഭിച്ചു.

പി.എസ്.ജിയുടെ ലൂയിസ് എൻറിക്കെ മികച്ച പുരുഷ കോച്ചായും ഇംഗ്ലണ്ടിന്റെ സെറീന വെയ്‌ഗ്‌മാൻ മികച്ച വനിതാ കോച്ചായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്കാരങ്ങൾ

മികച്ച പുരുഷ ക്ലബ് - പി.എസ്.ജി

മികച്ച വനിതാ ക്ലബ് -ആഴ്‌സനൽ

ഗെർഡ് മുള്ളർ (ട്രോഫി)​

ടോപ് സ്കോറർമാർ

വിക്ടർ ഗ്യോകറസ് (സീഡൻ,​സ്‌പോർട്ടിംഗ്)​ -63 ഗോൾ

ഇവ പജോർ (പോളണ്ട്,​ ബാഴ്‌സലോണ)​ -43 ഗോൾ

സോക്രട്ടീസ് അവാർഡ് - സാനാ ഫൗണ്ടേഷഷൻ (കാൻസർ ബാധിച്ച് മരിച്ച ലൂയിസ് എൻറിക്വെയുടെ മകളുടെ സ്മരണാർത്ഥമുള്ള ഫൗണ്ടേഷൻ)​

6- ബാലോൺ ഡി ഓർ പുരസ്കാരം നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമാണ് ഡെംബലെ. റെയ്മണ്ട് കോപ്പ (1958), മിഷേൽ പ്ലാറ്റിനി (1983, 1984, 1985), ജീൻ പിയേർ പാപിൻ (1991), സിനദിന്‍ സിദാൻ (1998), കരിം ബെൻസേമ (2022) എന്നിവരാണ് ഇതിന് മുമ്പ് ബാലോൺ ഡി ഓർ നേടിയ ഫ്രഞ്ച് താരങ്ങൾ.

1-ബാലോൺ ഡി ഓർ പുരസ്കാരം തുടർച്ചയായി മൂന്ന് തവണ നേടുന്ന ആദ്യത്തെ വനിതാ താരമാണ് ബോ‍ൺമാറ്റി.