സ്‌റ്റേഡിയം ഓക്കെ മിശിഹയും ടീമും നവംബറിൽ വരും
സുരക്ഷയും മുന്നൊരുക്കങ്ങളും വിലയിരുത്തി അർജന്റീന
കൊച്ചി: അനിശ്ചിതത്വങ്ങൾക്ക് വിട. 'മിശിഹയും സംഘവും" ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നു. കേരളം കാത്തിരിക്കുന്ന ആ മുഹൂർത്തം ഏതാണ്ട് കുറിക്കപ്പെട്ടു. നവംബർ 14ന് ശേഷമാകുമിത്. 15-18 തീയതികളിലായിരിക്കും മത്സരം. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. കൊച്ചി ജവർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗഹൃദ മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ലോകചാമ്പ്യന്മാരായ കേരള സന്ദർശനത്തിന് മുന്നോടിയായി സുരക്ഷ മുന്നൊരുക്കങ്ങളും മറ്റും അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര വിലയിരുത്തി. ഇന്നലെ ഉച്ചയോടെ കൊച്ചിയിൽ എത്തിയ കബ്രേരയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി. മുഖ്യസ്‌പോൺസറായ റിപ്പോർട്ടർ നെറ്റ്‌വർക്ക് എം.ഡി ആന്റോ അഗസ്റ്റിൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിമാനത്താവളത്തിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് കബ്രേര ആദ്യം പരിശോധിച്ചത്. തുടർന്ന് കായികമന്ത്രി വി. അബ്ദുറഹ്മാനുമായി കൂടിക്കാഴ്ചയിൽ അർജന്റീനായി ഒരുക്കുന്ന ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ധാരണയായി. ശേഷം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സന്ദർശിച്ചു.
സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് കബ്രേര മാദ്ധ്യമങ്ങളോട് പറഞ്ഞു. ''മത്സരം നവംബറിൽ തന്നെ നടക്കും. കൂടുതൽ ഒരുക്കങ്ങൾ വിലയിരുത്താൻ കൂടുതൽ സംഘം ഉടൻ അർജന്റീനയിൽ നിന്നെത്തും,"" കബ്രേര പറഞ്ഞു.
ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്നും സ്റ്റേഡിയം ഒരു മാസത്തിനകം പൂർണ്ണ സജ്ജമാകുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ടിക്കറ്റെടുത്ത് കളി കാണുന്നതിന് പുറമെ എല്ലാ മലയാളി കായിക പ്രേമികൾക്കും മെസിയെയും അർജന്റീന ടീമിനെയും കാണാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കബ്രേര ഇന്ന് നാട്ടിലേക്ക് മടങ്ങും.
ഫിഫ നിഷ്കർഷികുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുക. യു. ഷറഫലി, ഗോകുലം ഗോപാലൻ, ആന്റോ അഗസ്റ്റിൻ എന്നിവരും കബ്രേരയ്‌ക്കൊപ്പം സ്റ്റേഡിയം സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ അർജന്റീന ടീം കളിക്കാനെത്തുമെന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ അസൗകര്യങ്ങളെ തുടർന്ന് വേദി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. അണ്ടർ 17 ലോകകപ്പിന് കലൂർ രാജ്യാന്തര സ്റ്റേഡിയം വേദിയായിരുന്നു.