ഭൂട്ടാൻ കാർ കടത്ത്; പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾ തന്നെ സൂക്ഷിക്കണം, ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ സംശയനിഴലിൽ
കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഡംബര കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. വിലകൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടുകൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകി ഉടമകളെ വിളിച്ചുവരുത്തും. നിയമനടപടി അവസാനിക്കും വരെ ഇവ ഉപയോഗിക്കാൻ പാടില്ല. നിയമ വിരുദ്ധമായല്ല എത്തിച്ചതെന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാദ്ധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. അതേസമയം, ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ സംശയനിഴലിലാണ്. നടന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കുമെന്നാണ് വിവരം.
മറ്റ് കേന്ദ്ര ഏജൻസികളും ഭൂട്ടാൻ കാർ കള്ളക്കടത്ത് അന്വേഷിക്കും. വ്യാപക കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി. ഇക്കാര്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ജിഎസ്‌ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്‌ടി വിഭാഗവും അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും.
വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പൊലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ളവ റദ്ദാക്കാൻ അതത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണിത്. രേഖകളും വിവരങ്ങളും കസ്റ്റംസ് വിവിധ ഏജൻസികൾക്ക് കൈമാറും.