വിവാദങ്ങൾക്കിടെ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങൾക്ക് ശേഷം
പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ എം എൽ എ ഓഫീസിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുൽ എത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയാണ് അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. രാഹുൽ ഉടൻ മാദ്ധ്യമങ്ങളെ കാണും.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ മണ്ഡലത്തിൽ സജീവമാകണമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ മണ്ഡലത്തിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരഭിപ്രായം പറഞ്ഞിട്ടില്ല.
ആരോപണങ്ങൾ ഒരുപാടുണ്ടായെങ്കിലും ഒരു സ്ത്രീ പോലും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ രാഹുൽ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളും പറയുന്നത്. എന്നാൽ ആരോപണങ്ങൾ രാഹുൽ നിഷേധിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ വിമർശനം ഉയർന്നിരുന്നു.
രാഹുൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബി ജെ പിയും ഡി വൈ എഫ് ഐയുമൊക്കെ നേരത്തെ പ്രതികരിച്ചിരുന്നു. എം എൽ എ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.