വെങ്ങാനൂരിൽ നിയന്ത്രണംവിട്ട സ്‌കൂൾ ബസ് മതിലിലേക്ക് ഇടിച്ചുകയറി; കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം: വെങ്ങാനൂരിൽ സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടം. വെങ്ങാനൂർ വിപിഎസ് മലങ്കര സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നാല് കുട്ടികൾക്ക് നിസാര പരിക്കേറ്റു.
വിഴിഞ്ഞത്ത് നിന്ന് വെങ്ങാനൂരിലേക്ക് പോകുന്ന വഴിയിൽ കല്ലുവെട്ടാൻ കുഴിയിൽ വച്ചാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിന് സമീപത്തുള്ള മതിലിലേക്കും വൈദ്യുതി പോസ്റ്റിലേക്കുമാണ് നിയന്ത്രണംവിട്ട സ്‌കൂൾ ബസ് ഇടിച്ചുകയറിയത്. ബസ് സ്റ്റോപ്പിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. ഭൂരിഭാഗം കുട്ടികൾക്കും ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്.
കുട്ടികൾ ഉറക്കെ കരയുന്നത് കേട്ടാണ് സമീപവാസികൾ സ്ഥലത്തേക്കെത്തിയത്. ഉടൻതന്നെ ആംബുലൻസ് വിളിച്ച് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. സ്‌കൂൾ ബസിന്റെ ഡ്രൈവർ അമിതവേഗതയിലാണ് വാഹനമോടിക്കുന്നതെന്ന് ചില രക്ഷിതാക്കൾ കുറ്റപ്പെടുത്തി.