വീട്ടിൽ എത്ര രൂപവരെ സൂക്ഷിക്കാം? നിയമം അറിയാതെ പോയാൽ വൻനഷ്ടം, സാധാരണക്കാരും സൂക്ഷിക്കണം
ന്യൂഡൽഹി: ഓൺലൈൻ പണമിടപാടുകളാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. ഷോപ്പിംഗ് മുതൽ ആശുപത്രി ആവശ്യങ്ങൾക്കുവരെ ഒട്ടുമിക്കവരും ഗൂഗിൾ പേ അടക്കമുളള യുപിഐ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നിട്ടും പലരും വീടുകളിൽ വൻതോതിൽ പണം സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ പല പ്രമുഖരുടെയും വീടുകളിൽ അമിത അളവിൽ പണം സൂക്ഷിച്ചതിന് ആദായ നികുതി വകുപ്പിന്റെ പരിശോധനകൾ നടക്കുന്നത് നാം കാണുന്നതാണ്.
ഈ സാഹചര്യത്തിലാണ് സാധാരണക്കാരടക്കമുളളവർക്ക് വീട്ടിൽ നിയമപരമായി എത്ര പണം വരെ സൂക്ഷിക്കാൻ കഴിയുമെന്ന സംശയം ഉണ്ടാകുന്നത്. വീടുകളിൽ പണം സൂക്ഷിക്കുന്നതിന് ആദായ നികുതി വകുപ്പ് ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. എത്ര വലിയ തുകയോ ചെറിയ തുകയോ ആയിക്കോട്ടെ. അവ വീടുകളിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ല. നിയമപരമായ ഒരു വരുമാന സ്രോതസ് ഉണ്ടായിരിക്കണമെന്ന ഒരു നിബന്ധയുണ്ട്.
നിങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം എങ്ങനെ ഉണ്ടായതാണെന്ന് തെളിയിക്കാനുളള കൃത്യമായ രേഖകൾ കൈവശമുണ്ടായിരിക്കണമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അത് നിങ്ങളുടെ ജോലിയിലൂടെ ലഭിക്കുന്ന ശമ്പളമോ ബിസിനസിലൂടെ നേടുന്ന വരുമാനമോ ആയിരിക്കണം. ഇവ തെളിയിക്കാൻ സാധിക്കുമെങ്കിൽ വീട്ടിൽ എത്ര പണം വരെയും സൂക്ഷിക്കാൻ നിയമപരമായി സാധിക്കും. ആദായ നികുതി നിമയത്തിലെ 68, 69 ബി എന്നീ വകുപ്പുകളിൽ പണവും സ്വത്തും സംബന്ധിച്ചുളള കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
സെക്ഷൻ 68- ഒരു വ്യക്തിയുടെ പേരിലുളള പാസ്ബുക്കിലോ ക്യാഷ്ബുക്കിലോ ഒരു തുക രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിന്റെ ഉറവിടം വിശദീകരിക്കാൻ കഴിയുമെങ്കിൽ അവ ക്ലെയിം ചെയ്യാത്ത വരുമാനമായി കണക്കാക്കും.
സെക്ഷൻ 69- നിങ്ങൾക്ക് പണമോ നിക്ഷേപങ്ങളോ ഉണ്ടെങ്കിലും അവയ്ക്ക് കണക്ക് പറയാൻ കഴിയാതെ വന്നാൽ അവ വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കും.
സെക്ഷൻ 69 ബി- നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ആസ്തിയോ പണമോ ഉണ്ടെങ്കിൽ അവയുടെ ഉറവിടം വെളിപ്പെടുത്താൻ കഴിയുന്നില്ലെങ്കൽ നികുതിക്കും പിഴകൾക്കും വിധേയമാക്കും.
ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ വലിയൊരു തുക കണ്ടെടുത്താൽ അവയെ വെളിപ്പെടുത്താത്ത വരുമാനമായി കണക്കാക്കും. ഇതിന് കനത്ത നികുതിയോ പിടിച്ചെടുത്ത പണത്തിന്റെ 78 ശതമാനം വരെ പിഴയോ അല്ലെങ്കിൽ നികുതി വെട്ടിപ്പിന് കേസുവരെ എടുക്കാൻ സാദ്ധ്യതയുണ്ട്.