'ആ സാമ്യം മനഃപൂർവ്വമല്ല, നാടക പ്രവർത്തകർ ദാരിദ്ര്യത്തിലാണെന്ന കാഴ്ചപ്പാട് പഴയ ചിന്ത'

Wednesday 24 September 2025 12:04 PM IST

സിനിമ, സാഹിത്യം, നാടകം തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന യുവ എഴുത്തുകാരനും സംവിധായകനുമാണ് ഗോകുൽ രാജ്. 'ഡൊമസ്റ്റിക് ഡയലോഗ്സ്' എന്ന സിനിമയിലൂടെ ജാർഖണ്ഡിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഗോകുൽ, 'ഉഴൽ' എന്ന പുതിയ ചിത്രവുമായി ചലച്ചിത്ര ലോകത്ത് സജീവമാണ്. ഒപ്പം "ഒറ്റപ്പെട്ടവരുടെ റെയിൽവേ സ്റ്റേഷൻ" എന്ന പുസ്തകത്തിലൂടെ സാഹിത്യത്തിലും "മരണാനന്തരം" അടക്കമുള്ള നാടകങ്ങളിലൂടെ നാടകവേദിയിലും ശ്രദ്ധേയനാണ്. ഒരേസമയം വിവിധ കലാരൂപങ്ങളിൽ സഞ്ചരിക്കുന്ന കോഴിക്കോട് അന്നശേരി സ്വദേശിയായ ഗോകുൽ രാജ് തന്റെ കലാജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളും കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

എഴുത്തുകാരൻ, സംവിധായകൻ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ എങ്ങനെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്?

കഥ പറയുക എന്ന അടിസ്ഥാന തത്വം തന്നെയാണ് ഓരോ മേഖലയെയും ബന്ധിപ്പിക്കുന്നത്. ഇത് കഥകളായും നാടകങ്ങളായും സിനിമകളായും പരസ്യങ്ങളായും മാറുന്നു. പരസ്യം എന്നത് വരുമാനം കണ്ടെത്താനുള്ള ഒരു മാർഗമായി കണ്ടുകൊണ്ടാണ് ക്രിയേറ്റീവ് ഡയറക്ടർ എന്ന മേഖലയിലേക്ക് വന്നത്.

'ഡൊമസ്റ്റിക് ഡയലോഗ്‌സ്' - ജിയോ ബേബിയുടെ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയുമായുള്ള സാമ്യം

ഞാനും വൈഷ്ണവും ചേർന്ന് സംവിധാനം ചെയ്ത സമാന്തര സിനിമയാണ് 'ഡൊമസ്റ്റിക് ഡയലോഗ്‌സ്'. ഈ സിനിമയ്ക്ക് ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയുമായി യാദൃശ്ചികമായിട്ടാണ് സാമ്യം വന്നത്. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' റിലീസ് ചെയ്ത ശേഷം, ജിയോ ബേബി ഞങ്ങളുടെ സിനിമ കണ്ടിരുന്നു. അദ്ദേഹത്തിന് ഞങ്ങളുടെ സിനിമ വളരെ ഇഷ്ടപ്പെടുകയും, ഭാവിയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

'ഉഴൽ' എന്ന സിനിമയും ആശയവും

കൊവിഡ് കാലത്തെ ഏകാന്തതയും മാനസികാവസ്ഥകളും 'ഉഴൽ' എന്ന സിനിമയുടെ ആശയത്തിന് പ്രധാന കാരണമായി. പ്രകൃതിയും ഒളിച്ചുത്താമസിക്കുന്ന രണ്ട് സ്വവർഗ്ഗാനുരാഗികളുടെ ജീവിതവുമാണ് സിനിമയിലെ പ്രധാന പ്രമേയം. പ്രണയത്തിൽ വിവേചനം നേരിടുന്ന LGBTQ+ വിഭാഗക്കാരെയും, അതുപോലെ ജാതിയുടെ പേരിൽ പാർശ്വവത്കരിക്കപ്പെട്ടവരെയും സിനിമയിൽ അവതരിപ്പിക്കുന്നു. കുപ്രസിദ്ധമായ കെവിൻ കൊലപാതകക്കേസിലെ ചില സംഭവങ്ങളും, സിനിമയിലെ നടനായ ഗോവിന്ദിന്റെ വ്യക്തിപരമായ അനുഭവങ്ങളും ഈ സിനിമയുടെ തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ട്.

'ഉഴൽ' ശ്രദ്ധിക്കപ്പെടാതെ പോയതായി തോന്നുന്നുണ്ടോ?

'ഉഴൽ' പ്രധാന ഫെസ്റ്റിവലുകളിൽ തഴയപ്പെട്ടത് സത്യമാണ്. ഇത് ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു. സിനിമയുമായി മുന്നോട്ട് പോകാനുള്ള ആവേശവും താൽപര്യവും കുറഞ്ഞത് കാരണം മറ്രു പല ഫെസ്റ്റിവലുകളിലേക്കും സിനിമ അയക്കാൻ കഴിഞ്ഞില്ല. ഒരു സമാന്തര സിനിമ അതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണമാണ് ഇത് സംഭവിച്ചത്.

പ്രേക്ഷകരുടെ താൽപര്യങ്ങൾ

ഞങ്ങൾ ചെയ്ത രണ്ട് സമാന്തര സിനിമകളും പ്രേക്ഷകരെ പൂർണമായി ഒഴിവാക്കിക്കൊണ്ടായിരുന്നില്ല. ഇത്തരം സിനിമകൾ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. അവർക്ക് ഈ സിനിമകൾ ഇഷ്ടപ്പെടണം എന്ന് മനഃപ്പൂർവ്വം ആഗ്രഹിച്ചിരുന്നു. സമാന്തര സിനിമകൾ വാണിജ്യ വിജയം ലക്ഷ്യമിട്ടല്ല ചെയ്യുന്നത്.

'ഒറ്റപ്പെട്ടവരുടെ റെയിൽവേ സ്റ്റേഷൻ' എന്ന ആദ്യ കഥാസമാഹാരം

'ഒറ്റപ്പെട്ടവരുടെ റെയിൽവേ സ്റ്റേഷൻ' എന്ന പുസ്തകം എന്റെ ആദ്യകാല രചനകളുടെ ഒരു ശേഖരമാണ്. സ്കൂൾ കാലഘട്ടം മുതൽ എഴുതുന്ന എനിക്ക് എന്റെ കഥകൾ പുറത്ത് കാണിക്കാൻ കൊള്ളാമെന്ന് ആദ്യമായി ആത്മവിശ്വാസം തോന്നിയത് ഈ പുസ്തകത്തിലെ കഥകളിലൂടെയാണ്. പിന്നീട്, എഴുത്ത് പരിഷ്കരിച്ചപ്പോൾ ഈ കഥകളിൽ ചില പോരായ്മകൾ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എങ്കിലും, ഈ പുസ്തകത്തോട് എനിക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്.

മിനിക്കഥക്കഥകളുടെ പ്രചോദനം

ചുരുങ്ങിയ വാക്കുകളിൽ ഒരു ആശയം അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായാണ് മിനിക്കഥകളെ കാണുന്നത്. അടുത്തിടെ 'സ്കൂൾ അറ്റൻഷൻ' എന്ന എന്റെ മിനിക്കഥയ്ക്ക് ഒ.വി. വിജയൻ സ്മാരക പുരസ്കാരം ലഭിച്ചു. ജീവിതത്തിൽ നടന്ന സംഭവത്തെ കഥയുടെ രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഈ പുരസ്കാരം തികച്ചും അപ്രതീക്ഷിതമായിരുന്നു.

എഴുത്തിലൂടെ പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്

കഥകൾ എഴുതുമ്പോൾ ബോധപൂർവ്വം ഒരു പ്രത്യേക സന്ദേശം നൽകാൻ ശ്രമിക്കാറില്ല. ആശയം മനസ്സിൽ രൂപപ്പെടുമ്പോൾ അത് കഥയായി എഴുതാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. എന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളും സ്വയമേവ കഥകളിൽ കടന്നുവരാറുണ്ട്. ജീവിതാനുഭവങ്ങളെ സ്വാധീനിക്കുന്ന സാധാരണക്കാരുടെ ജീവിതങ്ങളാണ് കഥകളിൽ കൂടുതലും വരുന്നത്. കഥ മാത്രം പറയുക എന്നതാണ് പ്രധാന ലക്ഷ്യം. ബാക്കിയെല്ലാം അതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള മാറ്റം

എഴുത്ത് രീതിയിൽ നാടകവും സിനിമയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. നാടകം സ്റ്റേജിനു വേണ്ടിയാണ് എഴുതുന്നത്. എന്നാൽ സിനിമ സ്ക്രീനിനു വേണ്ടിയും. ഇതിന്റെ സംഭാഷണത്തിലും കഥപറച്ചിലിലുമെല്ലാം വലിയ മാറ്റങ്ങങ്ങൾ ആവശ്യമാണ്. നാടകം നേരിട്ടുള്ള ഒരു അനുഭവമാണ്. അത് ഒരു തവണ മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ സിനിമയിൽ വ്യക്തിപരമായ ഇടം കൂടുതലുണ്ട്.

നാടകപ്രവർത്തകരുടെ ജീവിതവും സാമ്പത്തിക ഭാവിയും

നാടക പ്രവർത്തകർ ദാരിദ്ര്യത്തിലായിരിക്കും എന്ന കാഴ്ചപ്പാട് പഴയ ചിന്തയാണ്. നാടകത്തിലൂടെ വരുമാനം കണ്ടെത്താനും ജീവിക്കാനും സാധിക്കുമെന്ന് തെളിയിച്ച ധാരാളം യുവ നാടകപ്രവർത്തകർ ഇന്ന് രംഗത്തുണ്ട്. നാടകം സാമൂഹിക പ്രവർത്തനം മാത്രമാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലും, കലയിലൂടെ വരുമാനം കണ്ടെത്തേണ്ടത് അത് ചെയ്യുന്ന കലാകാരന്റെ ഉത്തരവാദിത്തം കൂടിയാണ്. കലയെ നിലനിർത്താൻ വരുമാനം അത്യാവശ്യമാണ്.

സർക്കാരിന്റെ സമീപനം

സിനിമ ഒരു ജനപ്രിയ കലാരൂപമായതിനാൽ അതിന് മാദ്ധ്യമ ശ്രദ്ധയും ജനപ്രീതിയും കൂടുതൽ ലഭിക്കുന്നു. എന്നാൽ നാടകം ജനപ്രിയത കുറഞ്ഞ മേഖലയാണ്. എന്നിരുന്നാലും, നേരിട്ടുള്ള കാഴ്ചാനുഭവത്തിന് ആളുകൾക്ക് താൽപര്യം വർദ്ധിക്കുന്നതിനാൽ നാടകത്തിനും സാദ്ധ്യതകൾ കൂടുന്നുണ്ട്. സർക്കാർ ഈ രണ്ട് കലാരൂപങ്ങളെയും വ്യത്യസ്തമായി കാണുന്നത് ഒരു തിരിച്ചടിയാണ്. നാടകത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. സർക്കാർ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും ശുഭപ്രതീക്ഷയുണ്ടെന്നും വിശ്വസിക്കുന്നു.

വെല്ലുവിളി നിറഞ്ഞ നാടകം

ഓരോ നാടകവും വെല്ലുവിളിയാണ്. നാടകം ഒരു കലാരൂപമായി പോലും അറിയപ്പെടാത്ത ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ആ വെല്ലുവിളികളെ അതിജീവിച്ചാണ് 'പിമോക്കാ ടേയിൽസ്' എന്ന സംഘടന രൂപീകരിച്ചതും ഇപ്പോൾ വിജയകരമായി മുന്നോട്ട് പോകുന്നതും.

സമാന്തര സിനിമകളെക്കുറിച്ചുള്ള വിമർശനങ്ങൾ

സമാന്തര സിനിമകൾ അറുബോറൻ പടങ്ങളാണ് എന്ന വിമർശനം കാലങ്ങളായി കേൾക്കുന്നതാണ്. കൊമേഴ്ഷ്യൽ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ, സമാന്തര സിനിമകൾക്ക് വളരെ ചുരുങ്ങിയ പ്രേക്ഷകരായിരിക്കും ഉണ്ടായിരിക്കുന്നത്. ഇത് ഒരു ചെറിയകൂട്ടം ആളുകൾക്ക് വേണ്ടി നിർമ്മിക്കുന്ന സിനിമകളാണ്. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടണമെന്നില്ല.

പുതിയ പ്രോജക്ടുകൾ

പുതിയ പ്രോജക്‌ടുകളെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ജോലിയുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഇതിനിടയിൽ, ഡൽഹി സഫ്ദർ ഹാഷ്മി ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ച 'ഉടയോൻ തിരുടിയോർ' എന്ന നാടകം എന്റെ നാടായ കോഴിക്കോട് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.