സുനിൽ കുമാറിനെ മാറ്റി; തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്, നടപടി വിവാദങ്ങൾക്കൊടുവിൽ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി ഡോ. സി ജി ജയചന്ദ്രനെ നിയമിച്ചു. സൂപ്രണ്ട് പദവിയിൽ നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഡോ. ബി എസ് സുനിൽ കുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നേരത്തെ കത്ത് നൽകിയിരുന്നു.
ന്യൂറോ സർജനായ തനിക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്താണ് ഡോ. സുനിൽകുമാർ നൽകിയത്. ശസ്ത്രക്രിയ പ്രതിസന്ധിയെക്കുറിച്ചുള്ള യൂറോളജി മേധാവി ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും പിന്നാലെ സൂപ്രണ്ട് പങ്കെടുത്ത വാർത്താസമ്മേളനവും വിവാദമായിരുന്നു.
ഇന്നലെ ആശുപത്രിയിലെത്തിയ ഡോ. സുനിൽ സൂപ്രണ്ട് ഓഫീസിലെത്തിയിരുന്നില്ല. ശസ്ത്രക്രിയകൾ പൂർത്തിയാക്കി ഡിപ്പാർട്ട്‌മെന്റിലെ ജോലികൾ ചെയ്ത് മടങ്ങി. ഡോ. സുനിൽകുമാറിന് പൂർണമായും താത്പര്യമില്ലാത്തതിനാൽ ഇനിയും നിർബന്ധിക്കേണ്ടതില്ലെന്ന നിലപാടിനൊടുവിലാണ് സി ജി ജയചന്ദ്രന് പദവി നൽകിയത്.