അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; പിന്നാലെ ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് മരിച്ചു

Wednesday 24 September 2025 4:34 PM IST

കാസർകോട്: ഓട്ടോറിക്ഷ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്‌‌തു. പള്ളഞ്ചി സ്വദേശിയായ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച് അപകടമുണ്ടായത്.

ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്നു ഓട്ടോയ്‌ക്ക് പിന്നിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചായിരുന്നു അപകടം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായിരുന്നു പരിക്കേറ്റത്.

അപകടം നടന്ന ഉടൻതന്നെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ അനീഷിനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - വീണ. മക്കൾ - നീരജ്, ആരവ്. പരേതനായ കെ ശേഖരൻ നായരുടെയും സി കമലാക്ഷിയുടെയും മകനാണ് അനീഷ്.