'വിശദമായി സംസാരിക്കാനുണ്ട്'; കടുത്ത പ്രതിഷേധങ്ങൾ അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിൽ

Wednesday 24 September 2025 4:47 PM IST

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. ബിജെപിയുടെ പ്രതിഷേധം മറികടന്നാണ് രാഹുൽ എത്തിയത്. വിവാദമുണ്ടായി 38 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നത്. ഓഫീസിൽ കാത്തുനിന്ന ആളുകളോട് വിവരങ്ങൾ തിരക്കുകയും ചെയ്തു. നേരത്തെ എംഎൽഎ ഓഫീസിനുമുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾ നടത്തിയെങ്കിലും രാഹുൽ എത്തിയസമയം രംഗം ശാന്തമായിരുന്നു.

ഇപ്പോൾ ഒന്നും പ്രതികരിക്കുന്നില്ലെന്നും വിശദമായി പിന്നീട് സംസാരിക്കാമെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.'ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ സംസാരിക്കാം. ഞാൻ പറയുന്നതിന് അപ്പുറമാണ് വാർത്തകൾ. പ്രതിഷേധങ്ങളോട് നിഷേധാത്മകമായ സമീപനമില്ല'- രാഹുൽ പറഞ്ഞു. മണ്ഡലത്തിൽതന്നെ ഉണ്ടാകുമെന്നും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയോടെയാണ് രാഹുൽ അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് നാലുമണിയോടെ എംഎൽഎ ഓഫീസിലെത്തിയത്. കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടിയാണ് രാഹുലിന്റെ വാഹനം ഓടിച്ചത്. കെപിസിസി നിർവാഹക സമിതിയംഗം സി ചന്ദ്രനും രാഹുലിനെ അനുഗമിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷും ഒപ്പമുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ രാഹുൽ മണ്ഡലത്തിൽ സജീവമാകണമെന്നും പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ മണ്ഡലത്തിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരഭിപ്രായം പറഞ്ഞിരുന്നില്ല.