ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണം മുറുകുന്നു, കസ്റ്റംസിന് പുറമേ വിവരം തേടി എൻഐഎ, ജിഎസ്ടി അടക്കം ഏജൻസികൾ

Wednesday 24 September 2025 5:42 PM IST

കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് അയക്കും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസിന്റെ തീരുമാനം. ദുൽഖറിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിഫൻഡർ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങളിൽ ലാൻഡ് ക്രൂയിസർ അദ്ദേഹത്തിന്റെ പേരിലല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം ആരുടെ പേരിലാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

വിദേശത്തുനിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റംസിന് പുറമെ മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. ഭൂട്ടാൻ കാർ കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധിക്കുമെന്നാണ് സൂചന. കസ്റ്റംസിൽനിന്ന് ഇ.ഡി. വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ, ജി.എസ്.ടി. വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി. വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

വാഹന ഇടപാടുകളിൽ വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ആർ.സി. ബുക്കുമായി ബന്ധപ്പെട്ട്. ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ ക്രിമിനൽ നടപടികളുണ്ടോയെന്നും പരിശോധിക്കും. വിവിധ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെയും അന്വേഷണ വിവരങ്ങൾ അറിയിക്കും.