നീതി നഗരം ചാരേ

Thursday 25 September 2025 12:48 AM IST

 ജുഡീഷ്യല്‍ സിറ്റിക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

 കേരള ഹൈക്കോടതിയുൾപ്പെടെ കളമശേരിക്ക്

 പദ്ധതി എച്ച്.എം.ടിയുടെ 27 ഏക്കറിൽ

കൊച്ചി: വ്യവസായ മണ്ഡലമെന്ന പെരുമയ്ക്ക് പിന്നാലെ കേരളത്തിന്റെ നീതി നഗരമെന്ന ഖ്യാതിക്കൊരുങ്ങി കളമശേരി. ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയതോടെയാണിത്. എച്ച്. എം.ടിയുടെ 27 ഏക്കർ ഏറ്റെടുത്താണ് പദ്ധതി. ഹൈക്കോടതി സമുച്ചയമടക്കം പുതുതായി നിർമ്മിക്കും. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്നതിനാലാണ് പുതിയ നിർദ്ദേശം. പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസുമായുള്ള 2023ലെ കൂടിക്കാഴ്ചയുടെ തുടർച്ചയാണ് തീരുമാനം. നിയമ മന്ത്രി പി.രാജീവ്, ഹൈക്കോടതി ജഡ്ജിമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്,വി.രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ തയ്യാറാക്കി. സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

1000 കോടി

ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമടക്കം 1000 കോടിയിലധികം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സഹായത്തിനുള്ള സാദ്ധ്യതകളും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

മൗലികാവകാശ

ഗോപുരങ്ങൾ

12 ലക്ഷത്തിലധികം ചതുരശ്രയടി സമുച്ചയമാണ് ജൂഡീഷ്യൽ സിറ്റിയിൽ ഉയരുക. രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങളുണ്ടാകും. തുല്യതയും സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്ന 14,19,21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളുണ്ടാകും. പ്രധാന ടവറിൽ 7 നിലകളും മറ്റുള്ളവയിൽ 6 നിലകൾ വീതവും.

കോടതിമുറികളും

ഓഫീസുകളും

ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ

രജിസ്ട്രാർ ഓഫീസ്

 ഓഡിറ്റോറിയം

 കമ്മിറ്റി മുറികൾ

ഭരണ വിഭാഗം

ലൈബ്രറി ബ്ലോക്ക്

ആർബിട്രേഷൻ സെന്റർ

റിക്രൂട്ട്‌മെന്റ് സെൽ

ഐ.ടി വിഭാഗം

 ഇൻഫർമേഷൻ സെന്റർ

അഡ്വക്കേറ്റ് ജനറൽ ഓഫീസ്

 അഭിഭാഷകരുടെ ചേംബറുകൾ പാർക്കിംഗ് സൗകര്യം

 മഴവെള്ള സംഭരണി