'നൈറ്റ് പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കളേയും ഒഴിവാക്കി, ഒമ്പത് മണിക്ക് ഉറക്കം'; ഇന്ന് ബൗളര്‍മാരുടെ പേടി സ്വപ്നം

Wednesday 24 September 2025 9:27 PM IST

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഉത്തരം നല്‍കുകയാണ് അഭിഷേക് ശര്‍മ്മ. അരങ്ങേറ്റം കുറിച്ച് അധികകാലം പിന്നിടുന്നതിന് മുമ്പ് തന്നെ കൈയില്‍ കിട്ടിയ എതിരാളികളെ അടിച്ച് പറത്തി അവരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള 25കാരന്‍. ഏഷ്യ കപ്പില്‍ പാകിസ്ഥാനെ പഞ്ഞിക്കിട്ട പ്രകടനം രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്.

ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത് അഭിഷേക് ശര്‍മ്മയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളാണ്. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ അഭിഷേക് ഉള്‍പ്പെട്ടതിന് പിന്നാലെയാണ് യോഗ്രാജ് സിംഗ് അന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാത്രി വൈകിയുള്ള പാര്‍ട്ടിയും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്ന ശീലവും അഭിഷേകിന് ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് അഭിഷേകിന്റെ ഉള്ളിലെ ക്രിക്കറ്റ് പ്രതിഭയെ തിരിച്ചറിഞ്ഞ് ഈ ശീലങ്ങള്‍ അവസാനിപ്പിച്ചതെന്നും യോഗ്രാജ് സിംഗ് അന്ന് പറഞ്ഞിരുന്നു.

അഭിഷേകിന്റെ ജീവിത രീതികളെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്റെ പിതാവിന് പോലും കഴിഞ്ഞിരുന്നില്ലെന്നാണ് യോഗ്രാജ് പറയുന്നത്. യുവി ഇടപെട്ട് അഭിഷേകിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം കൊണ്ടുവന്നതായി എനിക്ക് അറിയാം. ഒമ്പത് മണിയായി കിടക്കാന്‍ പോകൂ എന്നൊക്കെ യുവരാജ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'- അദ്ദേഹം വ്യക്തമാക്കി.

'അഭിഷേകിന്റെ പ്രകടനത്തെ കുറിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ഒരിക്കല്‍ അന്വേഷിച്ചു. അവന്‍ ഒരു ബൗളറാണെന്നാണ് നല്‍കിയ മറുപടി. അവന്റെ പ്രകടനം പരിശോധിച്ചപ്പോള്‍ 24 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്ന് യുവരാജ് അവരോട് ചോദിച്ചു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.' യോഗ്രാജ് സിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് അന്ന് വെളിപ്പെടുത്തിയിരുന്നു.