18 വര്‍ഷം മുമ്പ് കൈക്കുഞ്ഞുമായി കോഴിക്കോട്ടെത്തി; ഒടുവില്‍ ബീഹാറിലേക്ക് മടങ്ങി മക്കാനി  

Thursday 25 September 2025 12:37 AM IST
മക്കാനി സഹോദരങ്ങള്‍ക്കും സാമൂഹികപ്രവര്‍ത്തകന്‍ എം ശിവനും ആശാഭവന്‍ ജീവനക്കാര്‍ക്കുമൊപ്പം

കോഴിക്കോട്: 18 വര്‍ഷം മുമ്പ് മനോനില തെറ്റി ഒന്നര വയസുകാരനായ മകനൊപ്പം കോഴിക്കോടെത്തിയതാണ് ബിഹാര്‍ സ്വദേശിനിയായ മക്കാനി എന്ന ലീലാവതി (55). ഒടുവില്‍ അസുഖമെല്ലാം ഭേദമായി സഹോദരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ മക്കാനിക്ക് കോഴിക്കോടിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മാനസികനില വീണ്ടെടുത്ത ശേഷം കോഴിക്കോട് മായനാട് ഗവ. ആശാ ഭവനില്‍ കഴിഞ്ഞ മക്കാനിയെ തേടി സഹോദരങ്ങളായ രാംസുന്ദര്‍, സിമുറ എന്നിവരെത്തിയതോടെ നാട്ടിലേക്ക് മടങ്ങുകയാണ് മക്കാനി. നിലമ്പൂരില്‍ ജോലി ചെയ്യുന്ന മകന്‍ ആനന്ദിനെ കണ്ടശേഷം ആശാഭവന്‍ ജീവനക്കാരോടും അന്തേവാസികളോടും സാമൂഹിക പ്രവര്‍ത്തകന്‍ ശിവനോടുമെല്ലാം കൈകൂപ്പി നന്ദി പറഞ്ഞ് മക്കാനിയും സഹോദരങ്ങളും യാത്രതിരിച്ചു.

മക്കാനിയുടെ കഥ

2007ലാണ് കൈക്കുഞ്ഞുമായി നഗരത്തിൽ അലഞ്ഞുനടന്ന യുവതിയെ ടൗണ്‍ പൊലീസ് ഇടപെട്ട് കോഴിക്കോട് കുതിരവട്ടത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര വയസുള്ള കുട്ടിയെ കോഴിക്കോട്ടെ കുട്ടികളുടെ ഹോം ആന്‍ഡ് കെയര്‍ സെന്ററിലേക്കും പിന്നീട് വയനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി. നിരന്തരമായ ചികിത്സയ്ക്ക് ശേഷം മാനസികനില വീണ്ടെടുത്ത മക്കാനിയെ ഗവ. ആശാ ഭവനിലെത്തിച്ചു. മകൻ വയനാട്ടിലായിരുന്നു പഠനം പൂർത്തിയാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ആശാ ഭവന്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവനോട് മക്കാനി ബിഹാര്‍ ഭാബുവ ജില്ലയിലെ കുദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീടെന്ന് വെളിപ്പെടുത്തുകയായിരുന്നു. നാട്ടില്‍ മാതാവും സഹോദരങ്ങളും ഉണ്ടെന്നും ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്‌തെന്നും പൊലീസില്‍ നിന്ന് ശിവന് വിവരം ലഭിക്കുകയായിരുന്നു. മകൻ മലപ്പുറം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗ് അറ്റന്‍ഡറായി ജോലി ചെയ്യുകയാണ്. അടുത്തിടെ ജോലിയില്‍ കയറിയതിനാല്‍ ഇപ്പോള്‍ മാതാവിനൊപ്പം ബിഹാറിലേക്ക് പോകുന്നില്ലെന്നും പിന്നീട് മടങ്ങുമെന്നും അറിയിച്ചു.

"മക്കാനിയിൽ നിന്നും സ്ഥലത്തിൻറെ വിവരം അറിഞ്ഞപ്പോൾ തന്നെ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. സർവീസിലുള്ള പരിചയം ഇതിനായി ഉപയോഗിച്ചു. ഡോക്ടർമാരോട് ആലോചിച്ചാണ് മക്കാനിയെ വീട്ടിലെ ഇപ്പോഴത്തെ സാഹചര്യം അറിയിച്ചത്. അമ്മയും അന്ന് കൈക്കുഞ്ഞായിരുന്ന മകനും സുരക്ഷിതരായതിൽ എല്ലാ കോഴിക്കോട്ടുകാർക്കും അഭിമാനിക്കാം."

എം ശിവൻ, സാമൂഹികപ്രവര്‍ത്തകന്‍