പാഡികോയെ വെട്ടിലാക്കിയത് അപ്രായോഗിക വ്യവസ്ഥകൾ

Thursday 25 September 2025 1:48 AM IST
എലപ്പുള്ളിയിലെ പാഡികോ ഓഫീസ്.

എലപ്പുള്ളി: നെല്ല് സംഭരണത്തിലെ പ്രായോഗികമല്ലാത്ത സർക്കാർ വ്യവസ്ഥകൾ കർഷകരെ സഹായിക്കാൻ രൂപം കൊടുത്ത സഹകരണ സംഘത്തെ പ്രതിസന്ധിയിലാക്കി. എലപ്പുള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാഡികോ ആണ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. സംഘം ഇപ്പോൾ രാഷ്ട്രീയ ആരോപണം നേരിടേണ്ട അവസ്ഥയിലുമായി. നെല്ല് സംഭരണത്തിൽ വിമുഖത കാട്ടി സ്വകാര്യമില്ലുകൾ മാറി നിന്ന ഒരു ഘട്ടത്തിലാണ് 2002ൽ പാഡികോ പ്രവർത്തനം തുടങ്ങിയത്. ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മൂലധനവുമായാണ് സംഘം പ്രവർത്തനം ആരംഭിച്ചത്. കർഷകരിൽ നിന്ന് ന്യായ വിലയ്ക്ക് നെല്ല് സംഭരിച്ച് തുടങ്ങി. പാഡികോ നെല്ല് സംഭരണം തുടങ്ങിയതോടെയാണ് സ്വകാര്യമില്ലുകളും കർഷകരിൽ നിന്ന് മത്സരിച്ച് നെല്ല് സംഭരിച്ച് തുടങ്ങിയത്. സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനം അരി നൽകണമെന്ന സർക്കാർ വ്യവസ്ഥയാണ് സംഘത്തിന്റെ പ്രവർത്തനം താളം തെറ്റിച്ചത്. പരമാവധി 64 ശതമാനം അരിയെ നൽകാനാവൂ എന്ന് അറിയിച്ചിരുന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. ഒരു ഘട്ടത്തിൽ നെല്ല് സംഭരണം നിറുത്തിവയ്ക്കുന്നതിനെ കുറിച്ച് വരെ സംഘം ആലോചിച്ചിരുന്നു. സംഘം തുടങ്ങിയതിന്റെ ഉദ്ദേശലക്ഷ്യം കർഷകരെ സഹായിക്കൽ ആയതിനാൽ സംഭരണം തുടരണമെന്ന തീരുമാനമെടുക്കുകയായിരുന്നു. നൂറ് കിലോ നെല്ല് സംഭരിക്കുമ്പോൾ സർക്കാർ കണക്കിൽ 68 കിലോ നൽകണം. പക്ഷെ സംഘത്തിന് 62 മുതൽ 64 കിലോ വരയെ നൽകാൻ കഴിയാറുള്ളു. ലക്ഷക്കണക്കിന് കിലോ നെല്ല് സംഭരിച്ചപ്പോൾ സർക്കാരിന് നൽകേണ്ട അരിയുടെ കണക്കിൽ വലിയ കുറവ് വന്നു. നെല്ല് സംഭരിച്ച ജില്ലയിലെ സ്വകാര്യ മില്ലുകളും ഇതു പോലെ അരി നൽകുന്നതിൽ കുറവ് വരുത്തിയിട്ടുണ്ട്. പാഡികോയും ആയി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യമില്ലുകൾ വരുത്തിയ അരി കുടിശിക പതിന്മടങ്ങ് കൂടുതലാണ്. സംഭരിച്ച നെല്ലിന് ആനുപാതികമായി നൽകേണ്ട അരിയുടെ ശതമാനം 64 ആയി നിജപ്പെടുത്തിയാൽ മാത്രമെ സംഘത്തിന് നഷ്ടമില്ലാതെ പ്രവർത്തിക്കാൻ കഴിയുകയുള്ളു.

സംഘത്തിന്റെ പ്രവർത്തനം സുതാര്യമാണ്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. സംഘം നഷ്ടത്തിലായത് സംഭരിച്ച നെല്ലിന് സർക്കാർ നിശ്ചയിച്ച അനുപാതത്തിൽ അരി നൽകാൻ കഴിയാതെ വന്നത് കൊണ്ടാണ്.

കെ.ആർ.സുരേഷ് കുമാർ, പ്രസിഡന്റ്, പാഡികോ