പാലക്കാട് 'വർണ്ണക്കൂടാരം' തീർത്ത് 120 സ്‌കൂൾ

Thursday 25 September 2025 1:57 AM IST
വർണകൂടാരം പദ്ധതിയുടെ ഭാഗമായ പാലക്കാട് ഈസ്റ്റ് യാക്കര ഗവ. എൽ.പി സ്കൂൾ.

പാലക്കാട്: ജില്ലയിലെ 120 പ്രീ പ്രൈമറി സ്‌കൂളുകൾ 'വർണ്ണക്കൂടാരം' പദ്ധതിയിലൂടെ ആധുനിക നിലവാരത്തിലെത്തി. പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ ആധുനീകവും ശാസ്ത്രീയവുമായ നവീകരണത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. 12 കോടി രൂപയാണ് പദ്ധതിക്കായി പാലക്കാട് ജില്ലയ്ക്ക് ഇതുവരെ അനുവദിച്ചത്. സ്റ്റാർസ്(സ്ട്രെംഗ്‌തനിംഗ് ടീച്ചിംഗ്, ലേണിംഗ് ആൻഡ് റിസൾട്ട്‌സ് ഫോർ ദി സ്റ്റേറ്റ്) പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളമാണ് മോഡൽ പ്രൈമറി സ്‌കൂൾ പദ്ധതി നടപ്പിലാക്കുന്നത്. 2021-22 അദ്ധ്യന വർഷം ആരംഭിച്ച പദ്ധതിയിലൂടെ 13 ഇന പ്രത്യേക ഇടങ്ങളാണ് സ്‌കൂളുകളിൽ വികസിപ്പിക്കുന്നത്. കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമ്മാണ ഇടം, ഇ-ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ കൗതുകമുണർത്തുന്ന രീതിയിലാണ് വർണ്ണക്കൂടാരങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസീകവുമായ വളർച്ചയ്ക്ക് ഉതകുന്നരീതിയിലുള്ള പഠന പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

ഓരോ സ്‌കൂളിനും പത്ത് ലക്ഷം രൂപ വീതമാണ് പദ്ധതിക്കായി അനുവദിച്ചത്. 20 x 20 വലുപ്പമുള്ള രണ്ട് ക്ലാസ് റൂമുകൾ, പുറം കളിയിടം, ഹരിതോദ്യാനം എന്നിവ നിർമ്മിക്കാനായുള്ള ഭൗതീക സൗകര്യങ്ങളുള്ള സ്‌കൂളുകളെയാണ് ആദ്യം പരിഗണിച്ചത്. ഓരോ സ്‌കൂളിലും രണ്ട് ലക്ഷം രൂപ വിലവരുന്ന ടെലിവിഷൻ, സൗണ്ട് സിസ്റ്റം, എൽ.സി.ഡി പ്രൊജക്ടർ, സൗണ്ട് റെക്കോർഡർ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങൾ എന്നിവയ്ക്ക് മാത്രമായി 5.40 കോടി രൂപയാണ് ചെലവാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി ഓരോ സ്‌കൂളിലും സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, വാർഡ് മെമ്പർ, പി.ടി.എ, എസ്.എം.സി, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പ്രാദേശിക വിദഗ്ധർ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ അതാത് പ്രദേശത്തെ പ്രഗത്ഭർ എന്നിവരാണ് സംഘാടക സമിതിയിൽ ഉൾപ്പെടുന്നത്. പദ്ധതിയിലെ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനായി അദ്ധ്യാപകർക്ക് വിവിധ ഘട്ടങ്ങളിലായി ഏദേശം 20 ദിവസത്തെ പ്രത്യേക പരിശീനവും നൽകി.