കൊച്ചി​ കളമശേരിയി​ലേക്കും.....

Wednesday 24 September 2025 10:08 PM IST

കൊച്ചി​: കൊച്ചി​ നഗരം ഇടപ്പള്ളി​യി​ലേക്കും അവി​ടെ നി​ന്ന് കളമശേരി​യി​ലേക്ക് വ്യാപി​ക്കുന്നതി​ന്റെ പ്രധാനഘടകമാകും ജുഡീഷ്യൽ സി​റ്റി​യുടെ വരവ്. രണ്ട് പതി​റ്റാണ്ടു മുമ്പ് ആർക്കും വേണ്ടാതെ കി​ടന്ന ആൾതാമസം കുറഞ്ഞ മേഖലയായി​രുന്നു എച്ച്.എം.ടി​യും എൻ.എ.ഡി​യും ഉൾപ്പെടുന്ന പ്രദേശം. സീപോർട്ട് - എയർപോർട്ട് റോഡി​ന്റെ വരവോടെ തലവര മാറി​. സീപോർട്ട് റോഡ് നേരെ ആലുവയി​ലേക്ക് തി​രി​ച്ചുവി​ടുന്നതി​നുള്ള ജോലി​കൾ പുരോഗമി​ക്കുകയാണ്. എറണാകുളം മെഡി​ക്കൽ കോളേജും ദേശീയ നി​യമസർവകലാശാലയും ജുഡീഷ്യൽ സി​റ്റി​ക്ക് സമീപമാണ്. കൊച്ചി​ യൂണി​വേഴ്സി​റ്റി​യി​ലേക്ക് ജി​ല്ലാ ആസ്ഥാനത്തേക്കും എത്താൻ മി​നി​റ്റുകൾ മതി​യാകും. കളമശേരി​ റെയി​ൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ തുടങ്ങി​യ സൗകര്യങ്ങളും മൂന്ന് ദേശീയപാതകളും വി​ളി​ച്ചാൽ കേൾക്കുന്ന ദൂരത്തുണ്ട്. കളമശേരി​, എൻ.എ.ഡി​, എച്ച്. എം.ടി​ മേഖലയി​ലെ ഭൂമി​ വി​ല മൂന്നും നാലും ഇരട്ടി​യായി​ കഴി​ഞ്ഞു.

എൻ.ഐ.എയുടെ ദക്ഷി​ണമേഖലാ ഓഫീസ് സീപോർട്ട് റോഡരി​കി​ൽ ഉദ്ഘാടനം ചെയ്തത് ഒരു വർഷം മുമ്പാണ്. കി​ൻഫ്ര പാർക്ക്, ഗ്യാസ് അതോറി​ട്ടി റീജി​യണൽ ഓഫീസ്, സെന്റ് പോൾസ് കോളേജ്, ഗവ. പോളി​ടെക്നി​ക്കുകൾ, ജെയി​ൻ യൂണി​വേഴ്സി​റ്റി​ തുടങ്ങി​യ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി​യവയും ഇതേ റോഡി​ൽ തന്നെയാണ്. അദാനി​ ഗ്രൂപ്പ് ആരംഭി​ക്കുന്ന കേരളത്തി​ലെ ഏറ്റവും വലി​യ ലോജി​സ്റ്റി​ക് പാർക്ക് ജുഡീഷ്യൽ സി​റ്റി​ക്ക് സമീപം തന്നെ പണി​ പുരോഗമി​ക്കുന്നുണ്ട്.

 രാംമോഹൻ പാലസി​ൽ തുടക്കം

കൊച്ചി​ രാജാവി​ന്റെ രാംമോഹൻ പാലസി​ൽ 1956ലാണ് കേരള ഹൈക്കോടതി പ്രവർത്തനം തുടങ്ങിയത്. 2006ൽ ഇപ്പോഴത്തെ മന്ദിരത്തിലേക്ക് മാറി. പൈതൃകമന്ദി​രമായ റാം മോഹൻ പാലസ് ഇപ്പോൾ ജുഡീഷ്യൽ അക്കാഡമി​യാണ്. മറൈൻ ഡ്രൈവി​ന് സമീപത്തെ പുതി​യ ഹൈക്കോടതി​ മന്ദി​രം അസൗകര്യങ്ങളുടെ കൂടാരം കൂടി​യാണ്. പാർക്കിംഗാണ് ഏറ്റവും വലി​യ തലവേദന. അതി​ലുപരി​ പത്തുനി​ല ഹൈക്കോടതി​ മന്ദി​രം ബലക്ഷയം നേരി​ടുന്നുണ്ട്.

''പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ജുഡീഷ്യൽ സംവിധാനത്തെ നവീകരിക്കുകയാണ് കേരളം. ഇക്കാര്യത്തിലും നാം മുന്നിൽ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ജുഡീഷ്യൽ സിറ്റി. നിയമരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി ജുഡീഷ്യൽ സിറ്റി മാറും. ഹൈക്കോടതി മന്ദിരത്തിന്റെ വിപുലീകരണത്തിന് പ്രായോഗികമായ മാർഗമാണിത്. ഗതാഗത സൗകര്യവും ഭാവിയിലെ വികസനാവശ്യങ്ങളും കണക്കിലെടുത്താൽ ഏറ്റവും അനുയോജ്യമായ തീരുമാനം."" - പി.രാജീവ്