ഭൂട്ടാൻ വാഹനക്കടത്തിൽ ഭീകര സംഘങ്ങളും, എൻ ഐ എയും ഇ ഡിയും രംഗത്ത്

Thursday 25 September 2025 12:04 AM IST

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിന് പിന്നിൽ ഭീകര സംഘങ്ങളും കള്ളപ്പണ ഇടപാടുമുണ്ടെന്ന വിലയിരുത്തലിൽ പ്രാഥമികാന്വേഷണം തുടങ്ങി എൻ.ഐ.എയും ഇ.ഡിയും. വാഹനക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ ഡയക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും (ഡി.ആർ.ഐ), ജി.എസ്.ടി വെട്ടിപ്പ് കേന്ദ്ര ജി.എസ്.ടി കമ്മിഷണറേറ്റും അന്വേഷിക്കും. സംസ്ഥാന പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപാടുകൾ പരിശോധിക്കുന്നു.

കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് ഇ.ഡി അന്വേഷണം. ഭീകര സംഘങ്ങളെക്കുറിച്ച് എൻ.ഐ.എയും. 'ഓപ്പറേഷൻ നുംഖോർ' എന്നപേരിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ പരിശോധനയിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ വാഹനക്കടത്തിന്റെ മറവിൽ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ.

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതടക്കം ആയിരത്തിലേറെ വാഹനങ്ങൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ 150-200 വാഹനങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. കടത്തിന്റെ സൂത്രധാരന്മാരും ഡൽഹി, ഹിമാചൽപ്രദേശ് സ്വദേശികളുമായ സന്തോഷ് കുമാർ, ഹരികുമാർ, മനോജ് കുമാർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. ഇ.ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചു.

നടന്മാർക്ക് നോട്ടീസ് നൽകും

പിടിച്ചെടുത്ത 36 വാഹനങ്ങളുടെ ഉടമകൾക്ക് രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകി. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരെയും നോട്ടീസ് നൽകി വിളിപ്പിക്കും. ദുൽഖറിനോട് രണ്ട് വാഹനങ്ങൾ കൂടി ഹാജരാക്കാനും നിർദ്ദേശിക്കും. ദുൽഖറിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തൃശൂർ രജിസ്‌ട്രേഷനിലുള്ള ലാൻഡ് ക്രൂസർ മറ്റൊരാളുടെ പേരിലാണ്. നടൻ അമിത് ചക്കാലക്കലിനെ മൊഴി രേഖപ്പെടുത്തി. അടിമാലിയിൽ നിന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഒരു വാഹനവും എറണാകുളം കുണ്ടന്നൂരിൽ നിന്ന് മറ്റൊരാളുടെ വാഹനവും ഇന്നലെ പിടിച്ചെടുത്തു.