2027ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും: പ്രശാന്ത് ബാലകൃഷ്ണൻ
തിരുവനന്തപുരം: 2027ൽ സ്വന്തം പേടകത്തിൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഗഗൻയാൻ ദൗത്യസംഘത്തിലെ യാത്രികൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സംവാദത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലാണ് ബഹിരാകാശ പേടകത്തിന്റെ ഉപകരണങ്ങൾ നിർമ്മിക്കുന്നതടക്കമുള്ള നിർണായകമായ പ്രവർത്തനം നടക്കുന്നത്. അതുകൊണ്ട് തിരുവനന്തപുരത്തെ ഇന്ത്യയുടെ സ്‌പേസ് സിറ്റിയെന്നാണ് താൻ വിശേഷിപ്പിക്കുന്നത്.
ഗഗൻയാൻ മിഷനുമായി ബന്ധപ്പെട്ട ആദ്യഘട്ടത്തിൽ ഐ.എസ്.ആർ.ഒയുടെ ഹ്യൂമനോയ്ഡ് റോബോട്ടായ വ്യോമമിത്രയെ ബഹിരാകാശത്തേക്കയക്കും. പേടകത്തെ സംബന്ധിച്ചും അന്തരീക്ഷ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ വിവരം നൽകാൻ വ്യോമമിത്രയ്ക്കു കഴിയും. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി തുടർപരീക്ഷണങ്ങൾ നടത്തും. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരത്തെയും ബംഗളൂരുവിലെയും ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളാണ്. താനുൾപ്പെടെയുള്ള സംഘാംഗങ്ങൾ ബഹിരാകാശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ആവസാനഘട്ട പരിശീലനം പൂർത്തിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗഗൻയാനെ കുറിച്ച് ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; വിവരിച്ച് പ്രശാന്ത് ബാലകൃഷ്ണൻ നായരും
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുത്ത വ്യോമസേന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരോട് സംവദിച്ച് തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ബഹിരാകാശ യാത്രയിലേക്കുള്ള തന്റെ സ്വപ്നയാത്രയുടെ വിസ്മയകരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഗഗൻയാൻ ദൗത്യത്തിൽ എങ്ങനെയെത്തി, ഏതുരീതിയിൽ പരിശ്രമിച്ചാൽ നേട്ടം കൈവരിക്കാനാകും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഏറെയും. ഇതിന് പാലക്കാട്ടെ സാധാരണക്കാരനായ ഒരു കുട്ടിയിൽ നിന്ന് ഗഗൻയാനിൽ എത്തിച്ചേർന്ന നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കഥയാണ് പ്രശാന്ത് നായർ വിശദീകരിച്ചത്. 'നമുക്കൊരു ലക്ഷ്യമുണ്ടാകുമ്പോഴാണ് അത് യാഥാർത്ഥ്യമാക്കാൻ നമ്മൾ പരിശ്രമിക്കുകയുള്ളൂ,' അദ്ദേഹം പറഞ്ഞു.
നിരവധി മഹദ് വ്യക്തികൾ പഠിച്ച വിദ്യാലയമാണ് മോഡൽ സ്‌കൂളെന്നും നടൻ മോഹൻലാൽ പഠിച്ച സ്‌കൂളാണിതെന്നും ഭാര്യയും ചലച്ചിത്രതാരവുമായ ലെന പറഞ്ഞാണിത് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രരകശക്തിയായി പ്രവർത്തിക്കുന്ന മികച്ച അദ്ധ്യാപകരാണ് ഇവിടെയുള്ളതെന്ന് സ്കുളിലെത്തിയപ്പോൾ താൻ നേരിട്ടറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഗഗൻയാൻ മുൻ പ്രോജക്ട് ഡയറക്ടർ ഡോ.ഉമാ മഹേശ്വരൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.പ്രമോദ്, പി.ആർ.ഷിജു, ഫ്രീഡമേരി ജെ.എം എന്നിവർ സംസാരിച്ചു. സ്‌കൂൾ സ്‌പേസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അഭിറാം സ്വാഗതവും മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.