ചാന്നാങ്കര എം.പി.കുഞ്ഞ് നിര്യാതനായി
തിരുവനന്തപുരം : കേരള സഹൃദയവേദി സ്ഥാപക പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ തിരുവനന്തപുരം ചാന്നാങ്കര ഷൈമനലയിൽ ചാന്നാങ്കര എം.പി.കുഞ്ഞ് (77) നിര്യാതനായി. കണിയാപുരത്തെ വസതിയിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു അന്ത്യം. ഒരുമാസം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 680 പരിപാടികൾ സംഘടിപ്പിച്ച് തിരുവനന്തപുരം നഗരത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടിയിരുന്നു.
ത്യാഗം, നിഷ്ഠ എന്നീ പ്രസിദ്ധമായ നാടകങ്ങളുടെ രചയിതാവാണ്. ആദ്യ കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാംഗ്ലൂർ ലേഖകൻ ആയിരുന്നു. കേരള ട്രാവൽ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ചാന്നാങ്കര കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1947 മെയ് 26ന് തിരുവനന്തപുരം ജില്ലയിലെ ചാന്നാങ്കരയിൽ ഒ.മുഹമ്മദ് കണ്ണ് ലബ്ബയുടെയും അസ്‌മബിബിയുടെയും മകനായി ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും അമച്വർ നാടക സമിതികളിലും സജീവമായാണ് പൊതുരംഗത്തെത്തിയത്. 1980മുതൽ മുസ്ലിം യൂത്ത് ലീഗിലും തുടർന്ന് മുസ്ലിം ലീഗിലും വിവിധ പദവികൾ വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടേറിയറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. വിവിധ രാഷ്രീയ കക്ഷി നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, എം.എം.ഹസൻ, കെ.എസ്.ശബരിനാഥ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ തുടങ്ങിയവർ അന്ത്യാജ്ഞലിയർപ്പിച്ചു. ഹലീമ കുഞ്ഞാണ് ഭാര്യ. മക്കൾ: ഷൈമ, ഷൈന, ഷൈല. മരുമക്കൾ: സുബൈർ (ബ്രിട്ടീഷ് പെട്രോളിയം) ,നൗഷാദ് (ബിസിനസ്), അൻവർ പള്ളിക്കൽ (സി.ഇ.ഒ, മാട്രിക്‌സ് ഇവന്റ്സ് ആൻഡ് ആപ്പ്സ്). ഖബറടക്കം കണിയാപുരം ജമാ അത്ത് ഖബർസ്ഥാനിൽ നടന്നു.