ഓറ 2025 കോൺക്ലേവ് നാളെ തുടങ്ങും
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ' ഓറ 2025- 50 ഇയേഴ്സ് ഒഫ് എൺവയേൺമെന്റൽ സ്റ്റിവാർഡ്ഷിപ്പ്' എന്ന പേരിൽ അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് എറണാകുളം അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നാളെയും മറ്റന്നാളുമായി നടക്കും. 27ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, ബെന്നി ബെഹനാൻ എം.പി, കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ സ്ഥാപനങ്ങൾ, സ്റ്റോൺ ക്രഷർ യൂണിറ്റുകൾ, ഡയറി ഇൻഡസ്ട്രീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും.