ഗഗൻയാനെ കുറിച്ച് ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; വിവരിച്ച് പ്രശാന്ത് ബാലകൃഷ്ണൻ നായരും

Thursday 25 September 2025 12:15 AM IST

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുത്ത വ്യോമസേന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരോട് സംവദിച്ച് തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ബഹിരാകാശ യാത്രയിലേക്കുള്ള തന്റെ സ്വപ്നയാത്രയുടെ വിസ്മയകരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.

ഗഗൻയാൻ ദൗത്യത്തിൽ എങ്ങനെയെത്തി, ഏതുരീതിയിൽ പരിശ്രമിച്ചാൽ നേട്ടം കൈവരിക്കാനാകും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഏറെയും. ഇതിന് പാലക്കാട്ടെ സാധാരണക്കാരനായ ഒരു കുട്ടിയിൽ നിന്ന് ഗഗൻയാനിൽ എത്തിച്ചേർന്ന നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കഥയാണ് പ്രശാന്ത് നായർ വിശദീകരിച്ചത്. 'നമുക്കൊരു ലക്ഷ്യമുണ്ടാകുമ്പോഴാണ് അത് യാഥാർത്ഥ്യമാക്കാൻ നമ്മൾ പരിശ്രമിക്കുകയുള്ളൂ,' അദ്ദേഹം പറഞ്ഞു.

നിരവധി മഹദ് വ്യക്തികൾ പഠിച്ച വിദ്യാലയമാണ് മോഡൽ സ്‌കൂളെന്നും നടൻ മോഹൻലാൽ പഠിച്ച സ്‌കൂളാണിതെന്നും ഭാര്യയും ചലച്ചിത്രതാരവുമായ ലെന പറഞ്ഞാണിത് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രരകശക്തിയായി പ്രവർത്തിക്കുന്ന മികച്ച അദ്ധ്യാപകരാണ് ഇവിടെയുള്ളതെന്ന് സ്കുളിലെത്തിയപ്പോൾ താൻ നേരിട്ടറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഗഗൻയാൻ മുൻ പ്രോജക്ട് ഡയറക്ടർ ഡോ.ഉമാ മഹേശ്വരൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.പ്രമോദ്, പി.ആർ.ഷിജു, ഫ്രീഡമേരി ജെ.എം എന്നിവർ സംസാരിച്ചു. സ്‌കൂൾ സ്‌പേസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അഭിറാം സ്വാഗതവും മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.