ഏലത്തിന് വില്ലനായി അനധികൃത ലേലം
ഇടുക്കി: ഏലത്തിന് മെച്ചപ്പെട്ട വിലയും വിദേശ വിപണിയിൽ ഡിമാൻഡും ഏറിയതോടെ കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ലേലവും റീ പൂളിംഗും വ്യാപകമാകുന്നു. ശക്തമായ നടപടി സ്വീകരിക്കുമെന്നും പലതവണ സ്പൈസസ് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത് തുടരുകയാണ്.
പടിപടിയായി ഉയർന്ന് ഏലം വില 2500 രൂപ കടന്നിരുന്നു. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ- ലേലത്തിൽ കൂടിയ വില 2958 രൂപയും ശരാശരി വില 2425.71 രൂപയുമാണ് ലഭിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ ഏലക്കയ്ക്ക് ഡിമാൻഡ് ഏറുകയാണ്. ദീപാവലി, ദസറ ആഘോഷം മുന്നിൽ കണ്ട് ആഭ്യന്തര വ്യാപാരികളും ചരക്ക് സംഭരിക്കുന്നുണ്ട്. 1987ലെ ഏലം നിയമം, 1986ലെ സ്‌പൈസസ് ബോർഡ് ആക്ട് എന്നിവ പ്രകാരം ലൈസൻസ് നേടിയവർക്കേ ലേലം നടത്താൻ കഴിയൂ. ലൈസൻസുള്ളവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ എന്നിവിടങ്ങളിലെ ഇ- ലേലത്തിലും മറ്റു സംസ്ഥാനങ്ങളിലെ ലേലത്തിലും പങ്കെടുക്കാം. ലേലം നടത്താൻ ലൈസൻസ് കരസ്ഥമാക്കിയവരുടെ വിവരങ്ങൾ സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (spicesboard.in) ലഭ്യമാണ്.
റീപൂളിംഗ് കള്ളക്കളി
കർഷകർ പതിക്കുന്ന ഏലം ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലത്തിന്റെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഈ കള്ളക്കളിയിലൂടെ നേട്ടം ഉത്തരേന്ത്യൻ വ്യാപാരികൾക്കും ഏജൻസികൾക്കുമാണ്.
അനധികൃത ഏലം ലേലത്തിനും റീപൂളിംഗിനുമെതിരെ സ്പൈസസ് ബോർഡ് ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. നടപടി കടുപ്പിച്ചതോടെ റീപൂളിംഗ് ഒരു പരിധി വരെ കുറയ്ക്കാനായിട്ടുണ്ട്. ഇത്തരം കെണികളിൽ കർഷകർ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഇതുസംബന്ധിച്ച് കർഷകർക്ക് ബോധവത്കരണം നൽകുന്നുണ്ട്."
-സംഗീത വിശ്വനാഥൻ (സ്പൈസസ് ബോർഡ് ചെയർപേഴ്സൺ)