ശബരിമല വിമാനത്താവളം, കൊടുമൺ എസ്‌റ്റേറ്റിൽ സാമൂഹിക ആഘാത പഠനം നടത്തണം

Thursday 25 September 2025 12:17 AM IST

പത്തനംതിട്ട : ശബരിമല വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്തുന്നതിന് പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്‌റ്റേറ്റ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്ന് ശബരിമല കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ചുകൊണ്ട് കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുകയാണ്. പല പ്രാവശ്യം സർക്കാരിലേക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ആവശ്യം ഉന്നയിച്ച് കളക്‌റേറ്റ് ധർണ ഉൾപ്പെടെയുള്ള സമര പരിപാടികൾ ഉടൻ ആരംഭിക്കും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടും സർക്കാർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കോടതി വിധി സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കളക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് കളക്ടർ അറിയിച്ചത്. പിന്നീട് റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിക്ക്‌ നൽകിയ വിവരാവകാശ മറുപടിയിൽ നിർദിഷ്ട ശബരി വിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കളക്ടറെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ ഒളിച്ചുകളി തുടരുകയാണന്ന്ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ, ശ്രീജിത്ത് ഭാനുദേവ്, ആർ.പത്മകുമാർ, കൊടുമൺ വിജയൻ നായർ, ടി.തുളസിധരൻ എന്നിവർ പങ്കെടുത്തു.