ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍; ബംഗ്ലാദേശിനേയും വീഴ്ത്തി സൂര്യയും സംഘവും

Wednesday 24 September 2025 11:34 PM IST

ദുബായ്: ഏഷ്യ കപ്പ് ട്വന്റി 20 ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ മറുപടി 19.3 ഓവറുകളില്‍ 127 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സെയ്ഫ് ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നാളെ നടക്കുന്ന പാകിസ്ഥാന്‍ - ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ സെയ്ഫ് ഹസന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണര്‍ തന്‍സീദ് ഹസന്‍ തമീം 1(3) റണ്‍സ് നേടി പുറത്തായി. മൂന്നാമനായി എത്തിയ പര്‍വേസ് ഹുസൈന്‍ ഈമോന്‍ 21(19) സെയ്ഫുമൊത്ത് രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചപ്പോള്‍ ബംഗ്ലാദേശ് 46ന് രണ്ട് എന്ന നിലയിലായിരുന്നു. പിന്നീട് വന്ന തൗഹിദ് ഹൃദോയ് 7(10), ഷമീം ഹുസൈന്‍ 0(3), ക്യാപ്്റ്റന്‍ ജേക്കര്‍ അലി 4(5), മുഹമ്മദ് സെയ്ഫുദീന്‍ 4(7) എന്നിവര്‍ പുറത്തായപ്പോള്‍ ബംഗ്ലാദേശ് 15.2 ഓവറില്‍ 109ന് ആറ് എന്ന നിലയിലായിരുന്നു.

ഒരുവശത്ത് സെയ്ഫ് ഹസന്‍ നിലയുറപ്പിച്ചതിനാല്‍ തന്നെ ബംഗ്ലാദേശിന് പ്രതീക്ഷയുണ്ടായിരുന്നു. താരത്തിന്റെ രണ്ട് ക്യാച്ചുകളാണ് 16ാം ഓവറില്‍ ശിവം ദൂബെയും സഞ്ജു സാംസണും കൈവിട്ടത്. തൊട്ടടുത്ത ഓവറില്‍ ഏഴാമനായി റിഷാദ് ഹുസൈന്‍ 2(3) മടങ്ങി. തൊട്ടടുത്ത പന്തില്‍ തന്‍സീബ് ഹസന്‍ സക്കീബ് 0(1) കുല്‍ദീപിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഒമ്പതാമനായി സെയ്ഫ് ഹസന്‍ 69(50) ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ബംഗ്ലാദേശിന്റെ തോല്‍വി ഉറപ്പായി.ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തയപ്പോള്‍. അക്‌സര്‍ പട്ടേലിനും തിലക് വര്‍മ്മയ്ക്ക്ും ഒരു വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് 75(37) പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ ഒരു ഘട്ടത്തില്‍ അനായാസം 200 കടക്കുമെന്ന് തോന്നിയ ഇന്ത്യയെ ബംഗ്ലാദേശ് ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യ പത്ത് ഓവറില്‍ 96 റണ്‍സ് നേടിയ ഇന്ത്യക്ക് അടുത്ത പത്ത് ഓവറില്‍ 72 റണ്‍സ് മാത്രമാണ് നേടാനായത്.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ - ശുബ്മാന്‍ ഗില്‍ 29(19) സഖ്യം വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ മദ്ധ്യനിരയ്ക്ക് കഴിഞ്ഞില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ അനാവശ്യ പരീക്ഷണങ്ങളും ഇന്ത്യന്‍ സ്‌കോറിംഗ് വേഗത കുറച്ചു. മലയാളി താരം സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചതുമില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 5(11), അക്സര്‍ പട്ടേല്‍ 10*(15) എന്നിവരുടെ മെല്ലെപ്പോക്കും ഇന്ത്യക്ക് തിരിച്ചടിയായി. തിലക് വര്‍മ്മ 5(7), ശിവം ദൂബെ 2(3) റണ്‍സ് വീതം നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 38(29) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.