ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് പത്തിലെ പുസ്തകത്തിൽ

Thursday 25 September 2025 1:07 AM IST

തിരുവനന്തപുരം: ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്രമായ തലവനാണെന്ന് വ്യക്തമാക്കുന്ന ഭാഗവുമായി പത്താം ക്ളാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം.

ഏറെക്കാലമായി ഗവർണർ - സർക്കാർ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണിത്.

.'ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം' എന്ന പാഠത്തിലാണ് ഗവർണറുടെ അധികാരങ്ങളും പരിധിയും സംബന്ധിച്ച ഭാഗമുള്ളത്.

സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവർണർ. യാഥാർത്ഥ കാര്യ നിർവഹണാധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിസഭയ്ക്കാണ്. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കണം .കേന്ദ്ര -സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് സർക്കാരിയ കമ്മിഷൻ 1983ൽ ശുപാർശ ചെയ്തിട്ടുണ്ട്.കേന്ദ്ര സർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ അവകാശത്തിൽ ഇടപെടുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയകക്ഷികൾ ഭരിക്കുമ്പോൾ ഗവർണർമാരുടെ പങ്ക് വിവാദങ്ങൾക്കു കാരണമാവുന്നതായും പാഠ ഭാഗത്തിൽ പറയുന്നു.

ഗവർണറുടെ

അധികാരം നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നതും ഓർഡിനൻസുകൾ പുറപ്പെടുവിക്കലുമൊക്കെ ഗവർണറുടെ നിയമനിർമാണ അധികാരങ്ങളാണ്. സംസ്ഥാനത്തെ എല്ലാ കാര്യ നിർവഹണാധികാരങ്ങളും നിർവഹിക്കപ്പെടുന്നത് ഗവർണറുടെ പേരിലാണ്. സംസ്ഥാനങ്ങളിലെ തർക്കത്തെ തുടർന്നുള്ള കേസുകളിൽ ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്റെ പത്ര വാർത്തകളും പുസ്തകത്തിലുണ്ട്. 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നതെങ്ങനെ' എന്ന വിഷയത്തിൽ പാനൽ ചർച്ചയാണ് പഠന പ്രവർത്തനമായി നൽകിയിട്ടുള്ളത്.

കുട്ടികൾ ശരിയായതു

പഠിക്കട്ടെ - മന്ത്രി ഗവർണറുടെ സ്ഥാനത്തിരുന്നു ചെയ്യാൻ പാടില്ലാത്തതു ചെയ്തു കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റായി കാര്യങ്ങൾ പഠിക്കുന്നതു ശരിയല്ല. ഭരണഘടനയനുസരിച്ച് ഗവർണർക്ക് എന്തധികാരമുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് പുസ്തകമെന്നും അദ്ദേഹം വ്യക്തമാക്കി.