ഹൈക്കോടതിക്ക് ആസ്ഥാനമായി 1000കോടിയുടെ ജുഡിഷ്യൽ സിറ്റി

Thursday 25 September 2025 12:10 AM IST

തിരുവനന്തപുരം: ആയിരം കോടി രൂപ മുടക്കി കളമശ്ശേരിയിൽ

ഹൈക്കോടതി സമുച്ചയം അടങ്ങിയ ജുഡിഷ്യൽ സിറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.

കൊച്ചിയിലെ തിരക്കിൽ ഹൈക്കോടതിയുടെ പ്രവർത്തനം വിപുലീകരിക്കാനാകാത്ത സാഹചര്യത്തിലാണിത്.

പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കാനുള്ള നടപടികൾക്ക് ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് വന്നുപോകാനുള്ള സൗകര്യം കണക്കിലെടുത്ത് സ്ഥലം എം.എൽ.എയും നിയമമന്ത്രിയുമായ പി.രാജീവും ഹൈക്കോടതി ജഡ്ജിമാരും ചേർന്നാണ് സ്ഥലം കണ്ടെത്തിയത്.

2023ൽ ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ചയിലാണ് ആശയം ഉയർന്നത്. പൊതുമരാമത്ത് വകുപ്പ് രൂപകൽപനയും തയ്യാറാക്കി.മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് സതീഷ് നൈനാൻ തുടങ്ങിയവർ സ്ഥലം കണ്ട് ബോധ്യപ്പെട്ടശേഷമാണ് പദ്ധതിയുമായി മുന്നോട്ട്പോകാൻ തീരുമാനിച്ചത്.

എച്ച്.എം.ടിയുടെ 27 ഏക്കർ,

12 ലക്ഷം ച.അടി വൃസ്തൃതി

കളമശ്ശേരിയിൽ എച്ച്. എം.ടി.യിൽ നിന്ന് ഏറ്റെടുത്ത 27 ഏക്കർ സ്ഥലത്ത് 12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയിലാണ് സമുച്ചയം . രാജ്യാന്തര നിലവാരത്തിൽ മൂന്ന് ടവറുകളിലാണ് സിറ്റി. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യത, സ്വാതന്ത്ര്യം, മൗലികാവകാശം എന്നിവ ഉറപ്പുവരുത്തുന്ന 14,19,21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ചാണ് മൂന്ന് ടവറുകൾ.

# പ്രധാന ടവറിൽ 7 നിലകളും മറ്റ് രണ്ട് ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗം, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്‌മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെന്റർ തുടങ്ങിയവ സജ്ജമാക്കും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും ഉണ്ടായിരിക്കും.

"നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ജുഡിഷ്യൽ സിറ്റി സ്ഥാപിക്കുന്നത്."

-പി.രാജീവ്,

നിയമമന്ത്രി