ഒരു വര്‍ഷം ബന്ധം വേര്‍പ്പെടുത്തുന്നത് 30000 പേര്‍; സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ടതെന്ത് ?

Thursday 25 September 2025 12:12 AM IST

കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 30000 പേര്‍ വിവാഹ മോചനം തേടി കുടുംബകോടതികളില്‍ എത്തുന്നുവെന്നാണ് പത്രവാര്‍ത്ത. ഒരു കേസും കൊടുക്കാതെ വേര്‍പിരിഞ്ഞ് കഴിയുന്നവരുടെ എണ്ണം ഇതിലേറെ വരും. വിവാഹബന്ധം വേര്‍പിരിയിലില്‍ കലാശിക്കുമ്പോള്‍ അതിന്റെ മാനസിക സമ്മര്‍ദ്ദം പുരുഷനും സ്ത്രീക്കും ചിലപ്പോള്‍ ഒരേ പോലെയാണ്. എങ്കിലും അതിന്റെ ഫിനാന്‍ഷ്യല്‍ ട്രോമ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക സ്ത്രീകളാണ്. പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കളും അവരെ വിവാഹം ചെയ്യുമ്പോള്‍ ഭര്‍ത്താക്കന്മാരും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടി കൈവരിക്കാനുള്ള പ്രോത്സാഹനവും സഹായവും നല്‍കണം.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നാല്‍ കേവലം സ്വത്ത് ഉണ്ടാക്കുക എന്നതല്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസമാര്‍ജിക്കലാണ്. അദ്ധ്വാനിച്ച് വരുമാനം ഉണ്ടാക്കുകയും സമ്പാദിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും എന്ന മനോഭാവം പെണ്‍കുട്ടികളില്‍ ചെറുപ്രായത്തിലേ ഉണ്ടാക്കിയെടുക്കണം. പെണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഇക്കാര്യത്തിന് മുന്‍ഗണന കൊടുക്കണം. പഠിക്കുന്ന സമയം മുതല്‍ വരുമാനവും സമ്പാദ്യവും ഉണ്ടാകണം.

എല്ലാ വിവാഹബന്ധങ്ങളും വേര്‍പിരിയലില്‍ കലാശിക്കുന്നില്ല. എന്നാല്‍, സാമ്പത്തിക സ്വാതന്ത്ര്യം നേടിയാല്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനവും സുരക്ഷിത്വവും സ്വാതന്ത്ര്യവും കൈവരും. സ്ത്രീകളുടെ സുരക്ഷിത ഭാവിയുടെ ശക്തമായ പില്ലറാണ് ഇക്കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം.

കുട്ടിയായിരിക്കുമ്പോഴേ ബാങ്ക് അക്കൗണ്ട് വേണം. റിക്കറിംഗ് ഡെപ്പോസിറ്റ് നിര്‍ബന്ധമായും ആരംഭിക്കണം. ജോലികിട്ടിയിട്ട് തുടങ്ങാം എന്ന് വിചാരിക്കരുത്. എത്ര ചെറുതോ ആയിക്കൊള്ളട്ടെ ഒരു തുക സ്ഥിരമായി സമ്പാദിച്ച് എവിടെയെങ്കിലും നിക്ഷേപിക്കുന്ന ശീലം വളര്‍ത്തിയെടുത്താല്‍ മണി മാനേജ്മെന്റില്‍ ജീവിത കാലം മുഴുവന്‍ അത് പ്രയോജനപ്പെടും.

ജോലി കിട്ടിക്കഴിഞ്ഞാല്‍ ശമ്പളത്തിന്റെ 10-20 ശതമാനമെങ്കിലും സമ്പാദ്യത്തിനായി മാറ്റിവെയ്ക്കണം. ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി, സ്വര്‍ണ നിക്ഷേപം തുടങ്ങിയ നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും ഇണങ്ങുന്ന ഏതെങ്കിലും മാര്‍ഗത്തില്‍ സ്ഥിരമായി നിക്ഷേപം ആരംഭിക്കണം.

നിങ്ങളുണ്ടാക്കുന്ന വരുമാനത്തിന്റെ നിയന്ത്രണം ഒരിക്കലും മറ്റൊരാള്‍ക്ക് പൂര്‍ണമായി കൈമാറരുത്. നിങ്ങളുടെ വരുമാനം കൈകാര്യം ചെയ്യേണ്ടത് നിങ്ങള്‍ തന്നെയാണ്. മാതാപിതാക്കളുടെയോ സഹോദരന്മാരുടെയോ ഭര്‍ത്താവിന്റെയോ ഉപദേശം തേടാം. പക്ഷേ, തീരുമാനം നിങ്ങളുടേതാവണം.

ഭര്‍ത്താവുമായി ചേര്‍ന്ന് നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ തെറ്റില്ല. നിങ്ങളുടെ സമ്പാദ്യം കൊണ്ടുള്ള നിക്ഷേപം പങ്കാളിയുടെ പേരില്‍ മാത്രം തുടങ്ങരുത്. അത് രണ്ടുപേരുടെയും പേരിലാവണം

മാതാപിതാക്കള്‍ കാറും ആഭരണങ്ങളും സമ്മാനമായി പെണ്‍കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ നിക്ഷേപവും ഇന്‍ഷ്വറന്‍സ് പോളിസികളും മ്യൂച്വല്‍ ഫണ്ടുമൊക്കെ ഉള്‍പ്പെടുത്തണം. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഇത്തരം സമ്മാനങ്ങള്‍ ഗുണം ചെയ്യും.

കെ.കെ ജയകുമാര്‍, പേഴ്സണല്‍ ഫിനാന്‍സ് അനിലിസ്റ്റും ഓണ്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍.

ഇ-മെയ്ല്‍: jayakumarkk8@gmail.com