പഴഞ്ചൻ രീതി തുടർന്ന് പൊലീസ് , ഡിജിറ്റലാകാതെ മഹസറും തെളിവെടുപ്പും
തിരുവനന്തപുരം: തെളിവ് ശേഖരണവും മഹസറുമടക്കമുള്ള അന്വേഷണ നടപടികൾ ഡിജിറ്റലാക്കാതെ പഴഞ്ചനായി കേരള പൊലീസ്. പുതിയ ക്രിമിനൽ നിയമത്തിൽ ഇതിന് വ്യവസ്ഥയുള്ളപ്പോഴാണ് ഈ മെല്ലെപ്പോക്ക്. ഇതുകാരണം കുറ്റകൃത്യമുണ്ടായിടത്ത് കാണുന്ന കാര്യങ്ങൾ എഴുതുന്നതും ദീർഘമായ മൊഴിയെടുപ്പുമടക്കമുള്ള പഴഞ്ചൻ തെളിവുശേഖരണ രീതികൾ തുടരുകയാണ്. ഇത് നഷ്ടപ്പെടാനും കാലപ്പഴക്കത്താൽ നശിക്കാനും സാദ്ധ്യതയേറെയാണ്. മൊഴികൾ എഴുതി രേഖയാക്കാനും സമയമെടുക്കും. അന്വേഷണ നടപടികൾ ഡിജിറ്റലാക്കിയാൽ സമയലാഭവും കോടതികളിൽ കൂടുതൽ വിശ്വാസ്യതയും ലഭിക്കും.
അന്വേഷണ നടപടികൾ ഡിജിറ്റലാക്കി സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏഴുവർഷത്തിലേറെ ശിക്ഷകിട്ടാവുന്ന കേസുകളിലെ റെയ്ഡുകൾ, ക്രൈംസീൻ, മഹസർ, മൊഴികൾ, തൊണ്ടിമുതലുകൾ എന്നിവയെല്ലാം വീഡിയോ-ഓഡിയോ ആയി രേഖപ്പെടുത്തി സൂക്ഷിക്കണം. പുതിയ ക്രിമിനൽ നിയമപ്രകാരം ഡിജിറ്റൽ തെളിവുകൾ പ്രാഥമിക തെളിവുകളായി പരിഗണിക്കും. ഗുരുതര കുറ്റങ്ങളിൽ ക്രൈംസീനിന്റെ വീഡിയോ സൂക്ഷിക്കുന്നുണ്ട്.
സീൻമഹസറിലെ വീഴ്‌ച കാരണം പ്രതികൾ രക്ഷപ്പെട്ട നിരവധി കേസുകളുണ്ട്. ഡിജിറ്റൽ തെളിവുകളും രേഖകളും സൂക്ഷിക്കാൻ കേന്ദ്രസർക്കാർ ഇ-സാക്ഷ്യ പ്ലാറ്റ്ഫോം സജ്ജമാക്കിയെങ്കുലം പൊലീസുദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടില്ല. ഉപകരണങ്ങൾ വാങ്ങി നൽകിയുമില്ല.
മൊഴി മാറ്റില്ല, തെളിവുകൾ സുരക്ഷിതം
പൊലീസുകാരെല്ലാം കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുന്നവരുമായതിനാൽ അന്വേഷണം ഡിജിറ്റലാക്കുക എളുപ്പമാണ്.
എല്ലാ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് കമ്പ്യൂട്ടർ, ഇന്റർനെറ്റ് ശൃംഖലയുണ്ട്. ഡിജിറ്റൽ എഫ്.ഐ.ആർ രാജ്യത്താദ്യം നടപ്പാക്കിയതും കേരളത്തിലാണ്.
ഡിജിറ്റൽ തെളിവ് പരിശോധിക്കാൻ കോടതികളിൽ സൗകര്യങ്ങളൊരുക്കേണ്ടിവരും. ഇതിന് സാങ്കേതിക വിദഗ്ദ്ധരെ നിയോഗിക്കണം
മൊഴികൾ ഡിജിറ്റൽ രൂപത്തിലാണെങ്കിൽ പിന്നീട് മാറ്റിപ്പറയാനാകില്ല. തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാം.
'ഡിജിറ്റൽ രീതിയിലേക്ക് മാറാൻ പൊലീസിലും കോടതികളിലും കൂടുതൽ സംവിധാനങ്ങളൊരുക്കണം. പരിശീലനം, സ്റ്റോറേജ് സ്‌പേസ് ഒരുക്കൽ എന്നിവയുമുണ്ടാവണം. അന്വേഷണം കൂടുതൽ സ്മാർട്ടാക്കുന്ന പോസിറ്റീവ് നടപടിയുണ്ടാവും. ഭാവിയിലെ പൊലീസിംഗ് ഇങ്ങനെയായിരിക്കും"".
- റവാഡ ചന്ദ്രശേഖർ, ഡി.ജി.പി