ഇരുപത്തിയെട്ടാം ഓണത്തിന് കാത്ത് കുട്ടി നന്ദികേശനുമായി സിദ്ധി
കൊല്ലം: പതിവ് തെറ്റിക്കാതെ താൻ നിർമ്മിച്ച കുട്ടി നന്ദികേശന്മാരുമായി ഇരുപത്തിയെട്ടാം ഓണത്തിനായി കാത്തിരിക്കുകയാണ് എട്ട് വയസുകാരൻ എസ്.സിദ്ധി വിനായക്. അച്ഛനും അമ്മയ്ക്കുമൊപ്പം ഓച്ചിറ പടനിലത്ത് കാളകെട്ടുത്സവം കാണാനെത്തിയപ്പോഴാണ് നന്ദികേശനെ നിർമ്മിക്കണമെന്ന ആഗ്രഹം സിദ്ധിക്കുണ്ടായത്.
പുറത്തുനിന്ന് നന്ദികേശന്റെ ശില്പം വാങ്ങാമെന്ന് കരുതിയെങ്കിലും ഉണ്ടാക്കണമെന്ന വാശിയിലായിരുന്നു സിദ്ധി. ഒടുവിൽ അച്ഛൻ സജിത്ത് പവിത്രന്റെ സഹായത്തോടെ നന്ദികേശനെ നിർമ്മിച്ചു. ഓലമടൽ ഉപയോഗിച്ചാണ് നന്ദികേശന്മാരുടെ ശിരസ് നിർമ്മിച്ചത്. ഉണക്ക വാഴയിലകൾ കൊണ്ട് ഉടലും ചീമക്കൊന്ന കൊണ്ട് ചട്ടവും ഒരുക്കി. ഒരടി മാത്രമാണ് ഉയരം. 2022 മുതൽ ഓച്ചിറയിലെ കെട്ടുകാള ഉത്സവത്തിന് തന്റെ പ്രിയപ്പെട്ട നന്ദികേശന്മാരെയും സിദ്ധി വീടിന് മുന്നിലെ റോഡിൽ അലങ്കരിച്ച് നിറുത്തും. ഇതുവഴി വാദ്യമേളങ്ങളോടെ കടന്നുപോകുന്ന കൂറ്റൻ നന്ദികേശന്മാർ സിദ്ധിയുടെ നന്ദികേശന്മാരുടെ സ്വാഗതവും സ്വീകരിച്ചാണ് കടന്നുപോകുന്നത്. ഉത്സവം കഴിയുന്നതോടെ അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ് തുടങ്ങും. ഇതുവരെ ഒരു കേടുപാടും വരുത്താതെയാണ് സംരക്ഷിക്കുന്നത്.
ഉജ്ജ്വലബാലൻ
2023ൽ സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അർഹനായ കുട്ടിക്കർഷകൻ കൂടിയാണ് സിദ്ധി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളായ 470 പേർക്ക് പയർ വർഗങ്ങളുടെ ചെടികൾ വീട്ടിൽ തയ്യാറാക്കി ഉച്ചഭക്ഷണത്തിന് തോരനുണ്ടാക്കാൻ നൽകിയിരുന്നു. എല്ലാവർഷവും സ്വന്തം സ്കൂളിലും സമീപത്തെ സ്കൂളുകളിലും ചെറിയ തോതിൽ സൗജന്യമായി മൈക്രോഗ്രീൻസ് നൽകുന്നുണ്ട്. അമ്മയുടെ അച്ഛൻ ബാബുവാണ് സിദ്ധിക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയത്. ഫെബ്രുവരിയിൽ തന്റെ പിറന്നാൾ ദിനത്തിൽ പച്ചക്കറി വിത്തുകൾ നൽകിയും മാതൃകയായി. കരുനാഗപ്പള്ളി ആദിനാട് ചക്കാലത്തറയിൽ പ്രവാസിയായ സജിത്ത് പവിത്രന്റെയും ക്ലാപ്പന പോറ്റിവീട്ടിൽ അദ്ധ്യാപികയായ ഹനാൻ ബാബുവിന്റെയും (ഗവ. മോഡൽ.എൽ.പി.എസ്, കരുവാറ്റ, അടൂർ) ഏകമകനാണ് ക്ലാപ്പന സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥിയായ എസ്.സിദ്ധിവിനായക്.