ഓപ്പൺ യൂണിവേഴ്സിറ്റി: ആസ്ഥാന മന്ദിരത്തിന് വമ്പൻ രൂപരേഖ

Thursday 25 September 2025 12:17 AM IST
ഓപ്പൺ യൂണിവേഴ്സിറ്റി

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വമ്പൻ ആസ്ഥാനമന്ദിരത്തിന് രൂപരേഖയായി. സർവകലാശാലയ്ക്ക് വരുമാനം ലഭിക്കുന്ന തരത്തിൽ പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ സഹിതമുള്ള രൂപരേഖയാണ് തയ്യാറായിരിക്കുന്നത്. അടുത്തമാസം രണ്ടിന് നടക്കുന്ന യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷികാഘോഷത്തിൽ രൂപരേഖ പ്രകാശനം ചെയ്യും. അക്കാഡമിക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്കുകൾ ഉൾപ്പെടുന്ന അഞ്ച് നില കെട്ടിടത്തിന്റെ നിർമ്മാണമായിരിക്കും ആദ്യം നടക്കുക. ഈ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ ഇരുന്നൂറ് കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ സെന്റർ ഉണ്ടാകും. ഇവിടം വിവിധ ഓൺലൈൻ മത്സരപരീക്ഷകൾ നടത്താൻ വാടകയ്ക്ക് നൽകും. ഇതിന് പുറമേ കൺവെൻഷൻ സെന്റർ, കൺവെൻഷൻ സെന്ററിൽ ചെറുഹാളുകൾ എന്നിവയും യൂണിവേഴ്സിറ്റിക്ക് വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്തിന്റെ ആഴത്തിലുള്ള ചരിത്രത്തിന് പുറമേ ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കൂടി ഉൾപ്പെടുത്തിയാകും അഞ്ച് നിലകളുള്ള മ്യൂസിയം. ഇവിടെ നേരിയ ഫീസ് ഈടാക്കി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൈകാതെ തന്നെ തറക്കല്ലിടൽ നടക്കും. കഴിഞ്ഞ ഏപ്രിലിലാണ് മുണ്ടയ്ക്കലിൽ ആസ്ഥാനമന്ദിര നിർമ്മാണത്തിനായി 3.26 ഏക്കർ ഭൂമി സർക്കാർ അനുവദിച്ച പണം ഉപയോഗിച്ച് ഓപ്പൺ യൂണിവേഴ്സിറ്റി വാങ്ങിയത്.

5 നില അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്  ഈ കെട്ടിടത്തിൽ അക്കാഡമിക് ബ്ലോക്ക്  200 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ സെന്റർ  അഞ്ച് നില മ്യൂസിയം  1500 കസേരയുള്ള കൺവെൻഷൻ സെന്റർ

 കൺവെൻഷൻ സെന്ററിൽ ചെറുഹാളുകൾ  മനോഹരമായ പ്രവേശന കവാടം  പോസ്റ്റ് ഓഫീസ്  സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ  എക്സിക്യുട്ടീവ് ഫ്ലാറ്റ്  എക്സിക്യുട്ടീവ് ഹോസ്റ്റൽ  സ്റ്റാഫ് ഹോസ്റ്റൽ, സ്പോർട്സ് ടർഫ്  സ്റ്റുഡന്റ്സ് ഹോസ്റ്റൽ, ഗസ്റ്റ് ഹൗസ്  വോളിബാൾ, ബാഡ്മിന്റൺ ക്വാർട്ടുകൾ  ഓപ്പൺ എയർ ഓഡിറ്റോറിയം

ചെലവ്

₹ 200 കോടി

സർക്കാർ അനുവദിച്ചത്

₹ 30 കോടി