എന്തിനീ നിർബന്ധം?, കുട്ടികളെ മാനസികസമ്മർദ്ദത്തിലാക്കരുത്
പൊതുബോധത്തിലെ മികച്ച ജോലി ഏത് എന്നതിൽ വീഴുന്ന ധാരാളം മാതാപിതാക്കളുണ്ട്. എന്നാൽ കുട്ടികളെ സംബന്ധിച്ച് അവരുടെ അഭിരുചിക്ക് ചേരാത്ത പാതയായതിനാൽ പലപ്പോഴും അതുമായി പൊരുത്തപ്പെടാതെ പോകുന്ന സാഹചര്യങ്ങളുണ്ട്. ഐ.ഐ.ടികളിലും മെഡിക്കൽ കോളജുകളിലും ഉൾപ്പടെ പല ഉന്നത സ്ഥാപനങ്ങളിലും നമുക്ക് ഇത്തരത്തിലുള്ള കുട്ടികളെ കാണാനാകും. പാകമാകാത്ത കുപ്പായത്തിൽ ശ്വാസംമുട്ടി പോകുന്നവരാണ് അവർ. റാങ്ക് നേടി ഉന്നത സ്ഥാപനങ്ങളിൽ ചെന്നാലും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെ വരുന്നവർ ഏറെയാണ്.
എൻട്രൻസ് എന്നത് വിഷയങ്ങളിലെ അവഗാഹവും സ്പീഡും മാത്രമാണ്. അവരുടെ അഭിരുചിയോ അവരെടുക്കാൻ പോകുന്ന മേഖലയ്ക്ക് എത്രത്തോളം ചേർന്നവരാണെന്നോ ഒന്നും പരിഗണനയിൽ വരുന്നില്ല. പലകുട്ടികൾക്കും അതേക്കുറിച്ച് നല്ല ധാരണയുണ്ട്. പക്ഷേ അവർക്ക് മാതാപിതാക്കളുടെ സമ്മർദ്ദത്തെ അതിജീവിക്കാനാകുന്നില്ല. അത് കൊണ്ട് അവർ പെട്ടുപോകും.
ചില കുട്ടികൾ കോളേജിൽ എത്തുന്നതിനു മുൻപ് ഇത്തരം ആശങ്കകളെത്തുടർന്ന് ആത്മഹത്യയിലേക്ക് ഒക്കെ പോകും. ഇങ്ങനെയുള്ള കുട്ടികൾ ഉന്നത സ്ഥാപനങ്ങളിൽ വരുമ്പോൾ കഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് അഭിരുചി കേന്ദ്രീകൃതമായാണോ കുട്ടികളെ പഠിപ്പിക്കുന്നത് എന്നതാണ്. സമൂഹം കൽപിക്കുന്ന അന്തസുള്ള പ്രൊഫഷൻ മാത്രമല്ല നല്ലത് എന്ന് ബോധ്യപ്പെടണം. അഭിരുചിക്ക് ചേരാത്ത മേഖലയിൽ പോയിട്ട് വെറും മൂന്നാംതരം പ്രൊഫഷണലായി അവർ മാറണോ എന്ന് മാതാപിതാക്കൾ ആലോചിക്കണം. ഇതിനെല്ലാം ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് കുട്ടികളും മനസിലാക്കണം. അദ്ധ്യാപകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെയൊക്കെ കൊണ്ട് ഇത് തന്റെ വഴിയല്ല എന്ന മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താൻ കുട്ടികൾക്കും ശ്രമിക്കാം.
(മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ
കൺസൾട്ടന്റാണ് ലേഖകൻ)