സിൻഡിക്കേറ്റ് യോഗം ചേരാൻ പുതിയ വ്യവസ്ഥയ്ക്ക് ബിൽ വരും
തിരുവനന്തപുരം: സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ ആവശ്യപ്പെട്ടാലും മടികാണിക്കുന്ന വൈസ് ചാൻസലർമാരുടെ നിലപാടിനെ മറികടക്കാൻ പുതിയ വ്യവസ്ഥയുമായി സർക്കാർ. മൂന്നിലൊന്ന് സിൻഡിക്കറ്റ് അംഗങ്ങൾ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം സിൻഡിക്കറ്റ് വിളിക്കണം. ആരും ആവശ്യപ്പെട്ടില്ലെങ്കിലും രണ്ടു മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് വിളിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർവകലാശാല ആക്ടിൽ പുതിയ വ്യവസ്ഥ കൂട്ടിച്ചേർക്കുന്നതിനുള്ള കരട്ബിൽ ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു. ഈ സമ്മേളനകാലത്ത് ബില്ല് സഭയിൽ കൊണ്ടുവരാനണ് നീക്കം. സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമ്മാണത്തിനുള്ള തീരുമാനമുണ്ടായത്. കേരള സർവകലാശാലയിൽ ഉൾപ്പെടെ സിൻഡിക്കറ്റ് യോഗം വിളിക്കാൻ വി.സി കൂട്ടാക്കാത്തത് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്. കേരള പൊതുസേവനാവകാശ ബിൽ 2025 ന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു.