വന്യജീവി ആക്രമണ മരണം: നഷ്ടപരിഹാരം തേടി 51 പേരുടെ ആശ്രിതർ

Thursday 25 September 2025 1:30 AM IST

കൊച്ചി: വന്യജീവി ആക്രമണത്തിൽ 2021 മുതൽ 2025 വരെ മരിച്ച 51 പേരുടെ കുടുംബങ്ങൾക്ക് സർക്കാരിന്റെ നഷ്ടപരിഹാരം ലഭിച്ചില്ല. 2021 മുതൽ 2025 വരെ 390 പേരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ പരിക്കേറ്റ 5464 പേരിൽ 738 പേർക്കും സഹായം ലഭിച്ചില്ല. അപേക്ഷകളിൽ ആവശ്യമായ രേഖകളില്ലെന്നാണ് വനംവകുപ്പിന്റെ ന്യായം.

അംഗവൈകല്യമുണ്ടായാൽ രണ്ടുലക്ഷം രൂപ വരെ കിട്ടും. 2021-22ലായിരുന്നു കൂടുതൽ മരണങ്ങൾ-113. നഷ്ടപരിഹാരമായി 23.74 കോടി രൂപ നൽകി. 2024-25ലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്- 1705. പരിക്കേറ്റവരുടെ ധനസഹായത്തിനായി 17.60 കോടി വിനിയോഗിച്ചു. കാട്ടാന, കാട്ടപോത്ത്, കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ അവകാശികൾക്ക് 10 ലക്ഷം നഷ്ടപരിഹാരം കിട്ടും. മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര സഹായം 50,000 രൂപയാണ്. പരിക്കേറ്റാൽ ചികിത്സാസഹായമായി ഒരുലക്ഷം രൂപ വരെ ലഭിക്കും.

ധനസഹായത്തിനായി സംഭവം നടന്ന് ആറുമാസത്തിനകം വനംവകുപ്പ് ഡിവിഷണൽ ഓഫീസുകളിൽ അപേക്ഷിക്കണം. രേഖകൾ വിദഗ്ദ്ധസംഘം പരിശോധിച്ച് നഷ്ടപരിഹാരം നൽകും. ബന്ധുത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷം രൂപവരെ അടിയന്തരമായി നൽകുന്നുണ്ട്.

സമർപ്പിക്കേണ്ട രേഖകൾ  കൊല്ലപ്പെട്ടാൽ-എഫ്.ഐ.ആറിന്റെ കോപ്പി മുതൽ ചികിത്സാ രേഖവരെ  പരിക്കേറ്റാൽ-എഫ്.ഐ.ആറിന്റെ കോപ്പിയും ആശുപത്രി രേഖകളും

മരണം

 2021-22.................113

 2022-23..................89

 2023-24..................76

 2024-25..................67

 2025-26..................21

പരിക്കേറ്റവർ

 2021-22....................758

 2022-23..................1275

 2023-24..................1603

 2024-25..................1705

വന്യജീവി ആക്രമണത്തിൽ മരിച്ച ആദിവാസികൾ  2016....................9  2017..................10  2018..................11  2019..................11  2020..................15  2021..................15  2022..................11  2023..................15  2024..................12  2025..................16